കേരളം
തക്കാളി കിലോ 150 രൂപ; പച്ചക്കറി വിലയിൽ നട്ടംതിരിഞ്ഞ് മലയാളി
പച്ചക്കറി വില വർദ്ധനയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ കേരളം നോക്കി കുത്തി ആകുകയാണ്. പൊളളുന്ന ഇന്ധന വിലയും കുതിക്കുന്ന പാചകവാതക വിലയും ഉയരുന്ന ബസ്സ് ചാർജ്ജ് വർദ്ധനയും ജനങ്ങളുടെ ജീവതത്തെ പ്രതിസന്ധിയിലേയ്ക്ക് തളളി വിടുന്നു. അതിന് പുറമെയാണ് മനുഷ്യനെ പച്ചയ്ക്ക് കൊല്ലുന്ന ഈ പച്ചക്കറി വില… കേരളത്തിലെ എല്ലാ ജില്ലകളിലും സ്ഥിതി ഇത് തന്നെയാണ്.
തിരുവനന്തപുരത്തെ പല പ്രാദേശിക മാർക്കറ്റുകളിലും 15 ദിവസം മുമ്പ് 30 രൂപക്ക് കിട്ടിയിരുന്ന ഒരു കിലോ തക്കാളിക്ക് ഇപ്പോള്‍ വില 150 രൂപ. ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് തക്കാളി വില 75 രൂപക്ക് മുകളിലേക്ക് കടക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുളള തമിഴ്നാട്ടിലെ കനത്ത മഴയും ഇന്ധന വിലയിലെ വില കയറ്റവുമാണ് പച്ചക്കറിയ്ക്ക് ‘തീ വില’ ആകാൻ പ്രധാന കാരണം എന്ന് പച്ചക്കറി കച്ചവടക്കാർ പറയുന്നു. ഇങ്ങനെ വില കുത്തനെ ഉയര്‍ന്നതോടെ 100 രൂപയുടെ സാമ്പാര്‍ കിറ്റില്‍ നിന്നും തക്കാളി എടുത്തുമാറ്റി.
തൊട്ടാല്‍ പൊള്ളുന്ന രീതിയിലാണ് പച്ചക്കറികളുടെ വില ഉയരുന്നത്. ദീപാവലിക്ക് ശേഷം 15 ഇനങ്ങള്‍ക്ക് 30 ശതമാനത്തിലേറെ വില ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് 80 രൂപക്ക് കിട്ടിയിരുന്ന മുരിങ്ങക്കക്ക് ഇപ്പോള്‍ നൂറ് രൂപ നല്‍കണം. കിലോക്ക് 44 രൂപ വിലയുണ്ടായിരുന്ന സവാള 52 രൂപയിൽ എത്തി. 69 രൂപയുണ്ടായിരുന്ന ബീന്‍സിന് വില 80 ആയി. കിലോക്ക് 30 രൂപയുണ്ടായിരുന്ന മല്ലി ഇല 80 രൂപയിലേക്കാണ് കുതിച്ചത്. ഒരാഴ്ച മുമ്പ് 30 മുതൽ 40 രൂപ വിലയുണ്ടായിരുന്ന പടവലത്തിന് 60 രൂപയാണ് നിലവില്‍ വില.
തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ തലസ്ഥാനത്ത് നാടന്‍ പച്ചക്കറികളുടെ വിലയും കുത്തനെ കൂട്ടിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ മഴ കുറഞ്ഞ് വെള്ളമിറങ്ങുന്നതോടെ വിപണിയിലെയും വിലയിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഇടത്തരം വ്യാപാരികള്‍. വില പഴയ നിലയിലേക്ക് എത്തണമെങ്കില്‍ ഇനി മൂന്നുമാസം എടുക്കുമെന്ന് മൊത്ത വിതരണക്കാര്‍ പറയുന്നു. ഇങ്ങനെ പോയാൽ തൽക്കാലം അടുക്കളയില്‍ നിന്നും സാമ്പാറിനും അവിയലിനും അവധി നല്‍കേണ്ടി വരുമെന്ന് വീട്ടമ്മമാര്‍ പറയുന്നു.
കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിന് ഇടയിലാണ് ഓരോ സാധാരണ ജന ജീവിതത്തെ വീണ്ടും പടുകുഴിയിലേയ്ക്ക് തളളി വിടുന്നത്. ഇത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും എന്ന രീതിയിലാണ് വിപണിയിലെ അപ്രതീക്ഷിത വിലക്കയറ്റം. മുമ്പ് ഒരു കിലോ വാങ്ങിയിരുന്ന സാധനങ്ങള്‍ 200 ഗ്രാമും 300 ഗ്രാമുമെല്ലാം വാങ്ങേണ്ട ഗതികേടിലാണ് മലയാളികൾ.