Uncategorized
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അഡ്വ. കെ അനന്ത ഗോപനും, ബോര്‍ഡ് അംഗമായി അഡ്വ മനോജ് ചരളേലും ചുമതലയേല്‍ക്കും.
തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് സത്യപ്രതിജ്ഞ. രാവിലെ 10.15 ന് നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ഗായത്രി ദേവി സത്യവാചകം ചൊല്ലിക്കൊടുക്കും.
ചുമതലയേല്‍ക്കുന്ന പുതിയ ഭരണസമിതിയുടെ ആദ്യ യോഗവും ഇന്ന് ചേരും. പ്രസിഡന്റായിരുന്ന എന്‍ വാസുവിന്റെയും അംഗമായിരുന്ന കെ എസ് രവിയുടേയും കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അനന്തഗോപനെയും മനോജ് ചരളേലിനേയും നിയമിച്ചത്.
സിപിഎം സംസ്ഥാന സമിതി അംഗവും പത്തനംതിട്ട ജില്ലാ മുന്‍ സെക്രട്ടറിയുമാണ് അഡ്വ. അനന്തഗോപന്‍. സിപിഐ പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാണ് അഡ്വ. മനോജ് ചരളേല്‍. സിപിഎം പ്രതിനിധിയായ പി എം തങ്കപ്പനാണ് ബോര്‍ഡിലെ മൂന്നാമത്തെ അംഗം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ഭരണസമിതിയുടെ ആദ്യയോഗം വിലയിരുത്തും. തുടര്‍ന്ന് ഭരണസമിതി അംഗങ്ങള്‍ ശബരിമലയിലെത്തും. ഈ മാസം 18 ന് വിശദമായ അജണ്ടകളുമായി ദേവസ്വം ബോര്‍ഡ് യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.