കേരളം
വിവാഹവീട്ടിലെ ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന് മരിച്ചു
വിവാഹ വീട്ടിലെ ഭക്ഷണം കഴിച്ച് അവശനിലയിലായ രണ്ടര വയസുകരാന് മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യാമിനാണ് മരിച്ചത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പത്തിലധികം പേര് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണ്. വ്യാഴാഴ്ച പങ്കെടുത്ത വിവാഹ ചടങ്ങില്‍ നിന്നാണ് കുട്ടി ഭക്ഷണം കഴിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്.
ഭക്ഷ്യവിഷബാധയേറ്റ മറ്റുള്ളവരെല്ലാം ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. 11 കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ നാല് പേര് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കുട്ടികളെ മാത്രമാണ് ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ചിക്കന്‍ റോള്‍ കഴിച്ചതാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.