കേരളം
സംസ്ഥാനത്ത് വീണ്ടും ഹണിട്രാപ്പ്
നിലമ്പൂരിൽ ആൺകുട്ടികളെ ഉപയോഗിച്ചു ഹണി ട്രാപ്പ് ഒരുക്കി പണം തട്ടിയ രണ്ട് പേരെ പോലീസ് പിടികൂടി. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, (ബംഗാളി ജംഷീർ 31), കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ (21) എന്നിവരെ ആണ് നിലമ്പൂർ സി.ഐ. ടി.എസ് ബിനു അറസ്റ്റ് ചെയ്തത്. നിലമ്പൂർ സ്വദേശിയായ മധ്യവയസ്കനിൽ നിന്നും അഞ്ചു ലക്ഷംരൂപ ആണ് സംഘം തട്ടിയെടുത്തത്.
ഇക്കഴിഞ്ഞ ഒക്ടോബർ 17നായിരുന്നു കേസിന് ആസ്പദമായ സംഭവം. കൂലിതല്ല്, ക്വട്ടേഷൻ, തീവെപ്പ് കേസ്, വധ ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ബംഗാളി ജംഷീർ. ആന്ധ്രയിൽ നിന്നും വൻ തോതിൽ മയക്കുമരുന്ന് കടത്തിയതിനു സംസ്ഥാനത്തിന് അകത്തും പുറത്തുമായി പിടിയിലായ യുവാക്കൾ ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ്. ഇവർ എല്ലാം പലപ്പോഴായി പിടിയിലായി ജയിൽ വാസം അനുഭവിച്ചിട്ടുമുണ്ട്.
ഷമീറും മുൻപ് ബാല പീഡനത്തിന് കേസിൽ പിടിയിലായി പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ വ്യക്തി ആണ്. സാമ്പത്തിക ശേഷിയുള്ള സമൂഹത്തിലെ സ്വീകാര്യതയുള്ള ആളുകളെ ആണ് സംഘം കെണിയിൽ പെടുത്തിയിരുന്നത്. ഇത്തരത്തിൽ ഉള്ളവരെ ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് വിളിച്ചു വരുത്തി പ്രത്യേകം പരിശീലിപ്പിച്ച കുട്ടികളെ കൂടെ നിർത്തി വിഡിയോയും ഫോട്ടോയും എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് രീതി.
നവംബർ മൂന്നിന് ഒരു പോക്സോ കേസിൽ മമ്പാട് മേപ്പാടം വള്ളിക്കാടൻ അയ്യുബ് ( 30) ചന്ദ്രോത്ത് അജിനാസ് (30) എന്നിവരെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള തട്ടിപ്പിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. അയ്യൂബും അജിനാസും ഈ കേസിലും ഉൾപ്പെട്ടതായി തെളിവ് ലഭിച്ചിട്ടുണ്ട്.
സംഘം കെണിയിൽപെടുത്തി മർദിച്ചു ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തിലെ ഇരയായ ഒരു മധ്യ വയസ്കൻ നിലമ്പൂർ പോലിസ് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ എടുത്ത കേസിലാണ് അറസ്റ്റ്. സംഘം ഇത്തരത്തിൽ പലരെയും കെണിയിൽ പെടുത്തി പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.
തട്ടിപ്പിന്റെ രീതി ഇങ്ങനെ. നിശ്ചിത സമയത്ത് ബന്ധുക്കളാണെന്നും പറഞ്ഞു സംഘത്തിലെ ചില ആളുകൾ പെട്ടെന്ന് ഓടിയെത്തി കുട്ടിയെ മോചിപ്പിക്കും. ഇവിടേക്ക് എത്തിയ ആളിനെ സംഘാംഗങ്ങൾ മർദിക്കും. അപ്പോൾ മറ്റൊരു സംഘം വന്നു ഇടപാടുകാരനെ മർദനത്തിൽ നിന്നും രക്ഷിക്കുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കാൻ എന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിന് സമീപമുള്ള ബംഗാളി ജംഷീറിന്റെ ആഡംബര ഓഫിസിലേക് കൂട്ടി കൊണ്ടുവരും.
അവിടെ വെച്ച് ജംഷീർ വക്കീൽ ഗുമസ്തനായി അഭിനയിച്ചു വക്കീലുമാരെയും പോലീസ് ഓഫിസർമാരെയും വിളിക്കുന്ന പോലെ അഭിനയിച്ച് കൊണ്ടു വന്ന ആളെ സമ്മർദ്ദത്തിലാക്കും. പിന്നീട് പ്രശ്നം വലിയ തുകക്ക് ഒത്തു തീർപ്പാക്കും. ചെറിയ തുക നൽകി ഭക്ഷണവും വസ്ത്രവും വാങ്ങികൊടുത്തു തട്ടിപ്പിന് കൂടെ നിന്ന കുട്ടികളെ പറഞ്ഞുവിടും. ഇടപാടിലെ വലിയ പങ്ക് ജംഷീർ കൈക്കലാക്കും.
വീതം വെപ്പിൽ തർക്കിക്കുന്നവരെ ഭയപ്പെടുത്തി ഒഴിവാക്കും. ബംഗാളി ജംഷീറാണ് സംഘ തലവൻ. വാഹന ഫിനാൻസ് ഇടപാടിനെന്ന പേരിൽ നിലമ്പൂർ ഒ.സി.കെ പടിയിലെ ജംഷീറിന്റെ ഓഫിസ് കേന്ദ്രീകരിച്ചാണ് ഗുണ്ട പ്രവർത്തനം. നിരവധി പേർ സംഘത്തിന്റെ കെണിയിൽ പെട്ടിട്ടുണ്ട് എന്ന് പോലീസ് പറയുന്നു.
പുതിയതായി വാങ്ങിയ ടാറ്റാ നെക്സോൺ കാർ സർവീസ് ചെയ്യാൻ ജംഷീർ പെരിന്തൽമണ്ണയിലെ ഷോറൂമിലെത്തിയതായി പോലീസിന് രഹസ്യ വിവരംലഭിച്ചതോടെ അവിടെ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഷമീറിനെ മമ്പാടു നിന്നുമാണ് പിടികൂടിയത്. ഡി.വൈ.എസ്.പി സജു പി എബ്രഹാമിന്റെ നേതൃത്വത്തിൽ സിഐ ടി.എസ് ബിനു , എസ് ഐ മാരായ നവീൻഷാജ്, എം .അസൈനാർ, എ.എസ്.ഐ അൻവർ സാദത്ത്, സ്ക്വാഡ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, നിബിൻദാസ്.ടി , ജിയോ ജേക്കബ്, കെ.ടി ആഷിഫലി, ഷിഫിൻ കുപ്പനത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.