കേരളം
ജോജു ജോർജുമായുണ്ടായ പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ്
ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജുമായുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച് തകര്‍ത്തിരുന്നു. മദ്യപിച്ച് വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി.
ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണെന്നാണ് വിവരം. ഇരു ഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുന്നു. മനുഷ്യസഹജമായ പ്രശ്‌നങ്ങളാണ് ഉണ്ടായതെന്നും ഇതില്‍ പരിഹരിക്കപ്പെടാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഡി.സി.സി. അധ്യക്ഷന്‍ പറയുന്നു. ജോജുവുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം എം.പി ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുത്തത്. ഇന്ധന വില വര്‍ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്തതെന്നും അത് ഒരിക്കലും നടന്‍ ജോജുവിന് എതിരെ അല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സമരത്തിന്റെ ഉദ്ദേശശുദ്ധി നടന് മനസ്സിലായെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അക്കാര്യം അറിയിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ പറഞ്ഞു.