കേരളം
ജോജുവിനെതിരെ കേസില്ല, വണ്ടി അടിച്ചു തകർത്ത കോൺഗ്രസുകാർക്കെതിരെ കേസ്
ഇടപ്പള്ളി – വൈറ്റില ദേശീയ പാതയിൽ വച്ച് നടൻ ജോജു ജോർജിന്‍റെ വാഹനം തല്ലിത്തകർത്തതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വാഹനം തകർത്തതിനും ദേശീയപാത ഉപരോധിച്ചതിനുമാണ് കണ്ടാലറിയാവുന്ന പ്രവർത്തകരെ ഉൾപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് .
എന്നാൽ മഹിളാ കോൺഗ്രസ് പ്രവർത്തകരെ അസഭ്യം പറഞ്ഞുവെന്ന ആരോപണത്തിന് ജോജുവിനെതിരെ തൽക്കാലം കേസില്ല. പരാതിയിൽ കൂടുതൽ പരിശോധനയ്ക്ക് ശേഷമേ കേസ് റജിസ്റ്റർ ചെയ്യണോ എന്ന കാര്യം തീരുമാനിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. ജോജു മദ്യപിച്ചിരുന്നുവെന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ പൊലീസിനൊപ്പം പോയ ജോജു ജോർജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി.
തുടർന്ന് ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ മദ്യപിച്ചാണ് ജോജു അസഭ്യം പറഞ്ഞതെന്ന മഹിളാ കോൺഗ്രസിന്‍റെ വാദം ദുർബലമാകുകയാണ്. രാവിലെ കോൺഗ്രസ് ഇന്ധനവില വർദ്ധനയ്ക്ക് എതിരെ നടത്തിയ സമരമാണ് ഒടുവിൽ നാടകീയ രംഗങ്ങളിൽ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഏറെ നേരമായതോടെ നടൻ ജോജു ജോർജ് ഇറങ്ങി വന്നു. വഴി തടഞ്ഞുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചു.
തന്‍റെ കാറിനടുത്തുള്ള വാഹനത്തിൽ കീമോ തെറാപ്പി ചെയ്യാൻ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും, തൊട്ടപ്പുറത്തുള്ള കാറിൽ ഒരു ഗർഭിണി സ്കാനിംഗിനായി പോകുകയാണെന്നും, ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ജോജു. ഒടുവിൽ ജോജുവും കോൺഗ്രസുകാരും തമ്മിൽ സംഘർഷമായി.