കേരളം
തിരികെ സ്കൂളിലേക്ക്; വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി
ഒന്നര വര്‍ഷത്തിലേറെയായി നമ്മുടെ വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോഴിതാ നവംബര്‍ ഒന്നിന് നമ്മള് ആദ്യഘട്ടമെന്ന നിലയില്‍ സ്കൂളുകള്‍ തുറക്കുകയാണ്. നവംബര്‍ 15 നാണ് രണ്ടാം ഘട്ടം. വലിയ മുന്നൊരുക്കങ്ങളാണ് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പൊതുസമൂഹവുമായും മറ്റു വകുപ്പുകളുമായും ചേര്‍ന്ന് നടത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങളുടെ വ്യക്തമായൊരു ചിത്രം മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ്
ആലോചിക്കുന്നു.
2021 നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സെപ്റ്റംബര്‍ അവസാനവാരം അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വളരെ വിപുലമായ ആസൂത്രണ മുന്നൊരുക്കങ്ങള്‍ക്ക് നേതൃത്വം നല്കി.
1. ക്യു ഐ പി മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗം വിളിച്ചു ചേര്‍ത്തു
2. മറ്റ് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തു
3. യുവജനസംഘടനകളുടെ യോഗം വിളിച്ചു
ചേര്‍ത്തു
4. വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തു
5. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ / മേയര്‍മാര്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ത്തു
6. തൊഴിലാളി സംഘടനകളുടെ യോഗം
വിളിച്ചു ചേര്‍ത്തു
7. ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തു
8. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം വിളിച്ച് ചേര്‍ത്തു
ഈ യോഗങ്ങളിലെ ഒക്കെ അഭിപ്രായങ്ങള്‍ അടക്കം ക്രോഡീകരിച്ച് ‘തിരികെ സ്കൂളിലേക്ക്’ എന്ന പേരിലുള്ള മാര്‍ഗ്ഗരേഖ ഒക്ടോബര്‍ 8 ന്
പ്രസിദ്ധീകരിച്ചു. ഈ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും അണുനശീകരണം നടത്തുന്നതിനും വിവിധ തലങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, പി.ടി.എ /
എസ്.എം.സി, തദ്ദേശഭരണസ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവയരുടെയെല്ലാം സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നുള്ള മാര്‍ഗ്ഗരേഖയും മോട്ടോര്‍വാഹന വകുപ്പ് മാര്‍ഗരേഖയും പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ദിശാബോധം നല്കി. അക്കാദമിക രംഗത്ത് സ്വീകരിക്കേണ്ട പൊതുവായ സമീപനവും ക്ലാസ് അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും അധ്യാപകര്‍ക്ക് ഉണ്ടാവേണ്ട ധാരണകള്‍ സംബന്ധിച്ചും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി എസ്.സി.ഇ.ആര്.ടി യുടെ വിശദമായ അക്കാദമിക് മാര്‍ഗരേഖയും പുറത്തിറക്കി.
സംസ്ഥാനത്തെ ഓരോ ഡയറ്റിനും പ്രത്യേക ചുമതലകള്‍ നല്കി ക്ലാസ് അടിസ്ഥാനത്തിലുള്ള അധ്യയനപ്രവര്‍ത്തന പദ്ധതി തയാറാക്കിയിട്ടുണ്ട്. പൊതുമാര്‍ഗരേഖയില്‍ പരാമര്‍ശിച്ച രീതിയില്‍ ജില്ലാതല, തദ്ദേശഭരണ സ്ഥാപന തല, സ്കൂള്‍ യോഗങ്ങള്‍ വിപുലമായി കൂടുകയും ആയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍മാരുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഒരുക്കങ്ങള്‍ സംബന്ധിച്ച് വിശദമായ യോഗം നടത്തി. ഒക്ടോബര്‍ മൂന്നാം വാരത്തോട് കൂടി ജില്ലാ കളക്ടര്‍മാര്‍ ജില്ലാതല റിപ്പോര്‍ട്ട് സംസ്ഥാന തലത്തിലേക്ക് ലഭ്യമാക്കി. ഇതുകൂടാതെ വിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, സമഗ്ര ശിക്ഷ കേരള പ്രതിനിധികള്‍, വിദ്യാകിരണം
മിഷന് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും വിവിധ ടീമുകള്‍ക്ക് രൂപം നല്കി എല്ലാ സ്കൂളുകളും പരിശോധിക്കുകയുണ്ടായി.
പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്കി. ഒന്നാം ഘട്ടത്തില്‍ പൊതു വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കിയ പൊതു മാര്‍ഗ്ഗരേഖ, എസ്.സി.ഇ.ആര്.ടി. തയ്യാറാക്കിയ അക്കാദമിക് മാര്‍ഗ്ഗരേഖ, സമഗ്രശിക്ഷ കേരള തയ്യാറാക്കിയ രക്ഷാകര്‍തൃ പരിശീലന പദ്ധതി, കൈറ്റ് തയ്യാറാക്കിയ ഡിജിറ്റല്‍ മാര്‍ഗരേഖ, മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ കുട്ടികളുടെ യാത്ര സംബന്ധിച്ച മാര്‍ഗ്ഗരേഖ തുടങ്ങിയവ അധ്യാപകരെ പരിചയപ്പെടുത്തി. രണ്ടാംഘട്ടത്തില്‍ അധ്യാപകര്‍ക്ക് വിവിധ വിഷയാടിസ്ഥാനത്തില്‍ ഉള്ള പരിപാടികള്‍ പരിചയപ്പെടുത്തി. പരിശീലനം ലഭിച്ച അധ്യാപകര്‍ ക്ലാസ് പി.ടി.എ. ഓണ്‍ലൈന്‍ മുഖാന്തിരം വിളിച്ചുചേര്‍ത്ത് രക്ഷകര്‍തൃ പരിശീലനം നടത്തി. കേരളത്തിലെ മുപ്പത്തി രണ്ടായിരത്തില്പരം ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
സ്കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍, സ്കൂളും പരിസരവും
വൃത്തിയാക്കുന്നതിനുള്ള ശുചീകരണ പ്രക്രിയ, സ്കൂളില്‍ എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികള്‍, വിദ്യാലയങ്ങളിലേക്ക് തിരികെ എത്തുന്ന കുട്ടികള്‍ക്ക് വരാനിടയുള്ള മാനസിക പ്രശ്നങ്ങളും അവയുടെ പരിഹാര മാര്‍ഗങ്ങളും, കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ, പഠനവൈകല്യങ്ങള്‍ മുതലായവ കണ്ടെത്തിയാല്‍ സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങി ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലന പരിപാടിയും രക്ഷിതാക്കള്‍, കുട്ടികള്‍, അധ്യാപകര്‍ തുടങ്ങിയവരിലേക്ക് എത്തിച്ചിട്ടുണ്ട്.
24,300 (ഇരുപത്തിനാലായിരത്തി മുന്നൂറ്) തെര്‍മല്‍ സ്കാനറുകള്‍ സ്കൂളുകളില്‍ വിതരണം
ചെയ്തിട്ടുണ്ട്. 2021 – 22 അധ്യയന വര്‍ഷം സംസ്ഥാനത്തെ ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ രൂപീകരണം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇത് പ്രകാരം പി.ടി.എ. ജനറല്‍ ബോഡി ഓണ്‍ലൈനായി ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യങ്ങളില്‍ ഓണ്‍ലൈനായി ജനറല്‍ബോഡി ചേര്‍ന്ന് ഒരു അഡ്ഹോക് കമ്മിറ്റി തെരഞ്ഞെടുക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.