കേരളം
മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരും; മന്ത്രി കൃഷ്ണന്‍കുട്ടി
മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അണക്കെട്ടിലേക്ക് നീരൊഴുക്ക് തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. 2397.18 അടിയാണ് നിലവില്‍ ഇടുക്കി ഡാമിന്റെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
ജലനിരപ്പ് 2397.86 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇന്നും മഴ തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകില്ല. ഈ സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തുറക്കേണ്ടി വന്നേക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വളരെ വേഗത്തില്‍ ഡാം തുറക്കുന്നതിലേക്ക് കടക്കില്ല. ഇടമലയാര്‍ അണക്കെട്ടും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. 2403 ആണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഡാമുകള്‍ എപ്പോള്‍ തുറക്കണമെന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ചുമതലപ്പെടുത്തി. തീരുമാനം മൂന്ന് മണിക്കൂര്‍ മുമ്പ് ജില്ലാ കലക്ടര്‍മാരെ വിവരം അറിയിക്കും. പ്രദേശവാസികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ കലക്ടര്‍മാര്‍ക്ക് ആവശ്യമായ സമയം കൊടുക്കണമെന്നും ഉന്നത തലയോഗത്തില്‍ തീരുമാനിച്ചു.
കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള എട്ടു അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി നാലെണ്ണത്തില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടമലയാര്‍ അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.