കേരളം
ഗൂഗിള്‍ മാപ്പ് ചതിച്ചു; അട്ടപ്പാടിയില്‍ ഗതാഗതക്കുരുക്ക്
അട്ടപ്പാടി ചുരത്തില്‍ ട്രെയിലര്‍ ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രെയിലര്‍ ലോറികളിലൊന്ന് മറിഞ്ഞപ്പോള്‍ മറ്റൊന്ന് ചുരം വളവില്‍ മുന്നോട്ട് പോവാനാവാതെ കുടുങ്ങി. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനങ്ങളാണ് ചുരത്തില്‍ കുരുങ്ങിയത്. ക്രെയിന്‍ ഉപയോഗിച്ച് ട്രെയിലര്‍ ലോറികള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് ചുരത്തില്‍ ഏഴാം വളവില്‍ ട്രെയിലര്‍ ലോറി അപകടത്തില്‍പ്പെട്ടത്. മംഗലാപുരത്ത് നിന്ന് കോയമ്ബത്തൂരിലേക്ക് ടെലഫോണ്‍ കോയിലുമായി പോകുന്ന ലോറി മറിയുകയായിരുന്നു. മറ്റൊരു ട്രെയിലര്‍ ലോറി എട്ടാം വളവില്‍ മുന്നോട്ട് പോവാനാവാതെ കുടുങ്ങി.
ഇതോടെ മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ട്രെയിലര്‍ ലോറി പോലെയുളള വാഹനങ്ങള്‍ പാലക്കാട്- വാളയാര്‍ വഴിയാണ് സഞ്ചരിക്കേണ്ടത്. ഇതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ഡ്രൈവര്‍മാര്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് എളുപ്പ വഴിയെന്ന നിലയില്‍ ചുരം റോഡിലേക്ക് കയറിയതാണ് അപകടത്തിന് കാരണം.
അത്യാവശ്യ കാര്യങ്ങള്‍ക്കുള്‍പ്പെടെ പോവുന്ന നൂറുകണക്കിനാളുകള്‍ ഗതാഗത കുരുക്കില്‍പ്പെട്ട് വലഞ്ഞു. മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു. ഇത്രയും വലിയ വാഹനം ചുരത്തിലൂടെ കടന്നു പോകില്ലെന്നറിയാമായിരുന്നിട്ടും ചെക്ക്‌പോസ്റ്റില്‍ നിന്ന് വാഹനം കടത്തിവിട്ടതാണ് പ്രശ്‌നത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ക്രെയിനുകളുപയോഗിച്ച് വാഹനം റോഡില്‍ നിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.