Covid 19
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം 30 ദിവസത്തിനകം നല്‍കണമെന്ന് സുപ്രീംകോടതി
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 30 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കാണമെന്ന് സുപ്രീം കോടതി ഉത്തരവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാര്‍ഗ്ഗരേഖ പ്രകാരം മരണ കാരണം കോവിഡ് എന്നു രേഖപെടുത്തിയവരുടെ കുടുംബാംഗങ്ങള്‍ക്ക് അപേക്ഷ നല്‍കി 30 ദിവസത്തിനകം 50000 രൂപ നല്‍കണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ നഷ്ടപരിഹാര തുക നല്‍കണം. ആനുകൂല്യം ലഭിച്ചവരുടെ പട്ടിക അച്ചടി മാധ്യമത്തില്‍ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗൗരവ് ബന്‍സല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയില്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. നഷ്ടപരിഹാര തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് നല്‍കേണ്ടത്. കുടുംബങ്ങള്‍ക്ക് ജില്ലാ ഭരണക്കൂടം മുഖേനയായിരിക്കും തുക നല്‍കുക. അഡിഷണല്‍ ജില്ലാ കളക്ടര്‍ അടങ്ങുന്ന സമിതിയായിരിക്കും നഷ്ടപരിഹാരം സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ചു. കൊവിഡ് ചികിത്സയിലിരിക്കേ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും നഷ്ടപരിഹാരം ലഭിക്കും. മരണപ്പെട്ട മുന്നണി പോരാളികളുടെ ബന്ധുക്കള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച ധനസഹായം ഈ നഷ്ടപരിഹാര തുകയ്ക്ക് ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.നഷ്ടപരിഹാര വിതരണത്തിന് മുന്നോടിയായി കോവിഡ് മരണം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. മരണ സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റിനായി ഒക്ടോബര്‍ 10 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ നല്കണം. ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടാത്ത മരണങ്ങള്‍ പ്രത്യേകമായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
മരണ സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്കാന്‍ ഇ-ഹെല്‍ത്ത് പ്രത്യേക സംവിധാനം തയാറാക്കും.ആരോഗ്യ- തദ്ദേശ വകുപ്പുകള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശ്രിതര്‍ അപേക്ഷ സമര്‍പ്പിക്കണം. അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ്, ഡിഎംഒ, ഡിസ്ട്രിക് സര്‍വൈലന്‍സ് ടീം- മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കൊളോജിലെ മെഡിസിന്‍ തലവന്‍, പൊതുജനാരോഗ്യ വിദഗ്ധന്‍ എന്നിവര്‍ അംഗങ്ങളായാകും സമിതി. പുതിയ കേന്ദ്ര മാനദണ്ഡ പ്രകാരം കമ്മിറ്റി കോവിഡ് മരണം തീരുമാനിക്കും.
കോവിഡ് വന്ന് 30 ദിവസത്തിനകത്തുള്ള മരണങ്ങള്‍ കോവിഡ് മരണമായി കണക്കാക്കും. അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമെടുക്കും. ഇതിനു മുന്നോടിയായി കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. ആദ്യ തരംഗ സമയത്തുള്‍പ്പെടെയുള്ള മരണങ്ങള്‍ പ്രത്യേക പട്ടികയായി രേഖപ്പെടുത്തും. നഷ്ടപരിഹാര തുക വിതരണത്തിന് ദുരന്ത നിവാരണ വകുപ്പ് പ്രത്യേക മാനദണ്ഡം നിശ്ചയിക്കും. ഇതുവരെ ഔദ്യോഗിക മരണസംഖ്യ കാല്‍ ലക്ഷമാണ്. പുതുതായി പതിനായിരത്തോളം മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടി വരുമെന്നാണ് കരുതുന്നത്.