കേരളം
കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത; കൊവിഡ് അവലോകനയോഗം ഇന്ന്
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. കോവിഡ് വ്യാപനം കുറയുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് പരിഗണിച്ചേക്കും. ഡബ്ലിയുഐപിആര്‍ പരിധിയില്‍ മാറ്റം വരുത്തിയേക്കും. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും. സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യവും യോഗം പരിഗണിച്ചേക്കും. എന്നാല്‍ ഉടന്‍ തിയേറ്ററുകള്‍ തുറക്കുന്നതിനോട് ആരോഗ്യവകുപ്പ് അനുകൂലമല്ലെന്നാണ് സൂചന.
അതേ സമയം സ്കൂള്‍ തുറക്കലിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട യോഗങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് വിദ്യാര്‍ത്ഥി സംഘടനകളുമായി മന്ത്രി ശിവന്‍കുട്ടി ചര്‍ച്ച നടത്തും. വൈകീട്ട് മൂന്നരയ്ക്ക് തൊഴിലാളി സംഘടനകളുമായും അഞ്ചരയ്ക്ക് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. ആറു മണിയ്ക്ക് ഡിഡിഇമാരുടെയും ആര്ഇഡിമാരുടെയും യോഗം ചേരും.
നാളെ ഡിഇഒമാരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്. ഈ മാസം അഞ്ചിന് അന്തിമ മാർഗരേഖ പുറത്തിറക്കും. സ്കൂള്‍ തുറക്കുമ്പോള്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കേണ്ടെന്ന് കഴിഞ്ഞ ദിവസം അധ്യാപക സംഘടനകളുമായി നടത്തിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാനായി ഹാപ്പിനെസ്സ് ക്ലാസ്സുകള്‍ നടത്തും. തുടക്കത്തില്‍ നേരിട്ട് പഠനക്ലാസ്സുകളുണ്ടാകില്ല. പ്രൈമറി ക്ലാസ്സുകാര്‍ക്ക് ബ്രിഡ്ജ് ക്ലാസ്സുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.