കേരളം
സംസ്ഥാനത്ത് കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അടുത്തയാഴ്ച മുതല്‍
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന ഏതാനും പാസഞ്ചര്‍ ട്രെയിനുകള്‍ അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. പുനലൂര്‍-തിരുവനന്തപുരം, കോട്ടയം-കൊല്ലം, കൊല്ലം- തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍ ട്രെയിനുകളാണ് പുനരാരംഭിക്കുന്നത്.
പുനലൂര്‍-തിരുവനന്തപുരം, ഒക്‌ടോബര്‍ ആറിനും, തിരുവനന്തപുരം-പുനലൂര്‍ ഒക്‌ടോബര്‍ ഏഴിനും, കോട്ടയം-കൊല്ലം, കൊല്ലം-തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍ ട്രെയിനുകള്‍ ഒക്‌ടോബര്‍ എട്ടിനും ഓടിത്തുടങ്ങുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു.
ഈ തീവണ്ടികളില്‍ സീസണ്‍ ടിക്കറ്റ്, കൗണ്ടര്‍ ടിക്കറ്റ് എന്നിവ ആരംഭിക്കുകയും ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് യാത്ര അനുവദിക്കുകയും ചെയ്യും. സ്റ്റേഷന്‍ കൗണ്ടറുകളില്‍ നിന്നും തല്‍സമയം ടിക്കറ്റുകള്‍ ലഭിക്കും. ഈ ട്രെയിനുകള്‍ എല്ലാം സ്‌പെഷ്യല്‍ ട്രെയിനുകളായാണ് ഓടുകയെന്നും റെയില്‍വെ അറിയിച്ചതായി മന്ത്രി പറഞ്ഞു.
എറണാകുളം-ഗുരുവായൂര്‍, എറണാകുളം- ആലപ്പുഴ പാസഞ്ചറുകളും മംഗളൂരു-ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസും വൈകാതെ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പാലക്കാട്-എറണാകുളം, പാലക്കാട്-തിരുച്ചെന്തൂര്‍ ട്രെയിനുകളും കന്യാകുമാരി-പൂനെ ജയന്തിയുമാണ് ഇനിയും സര്‍വീസ് ആരംഭിക്കാനുള്ളത്.