Covid 19
കോവിഡ് വാക്‌സിനേഷനിൽ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടുത്തുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം
കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തില്‍ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടുത്തുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എല്ലാവര്‍ക്കും കോവിഡിനെതിരായ പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ മാധ്യമങ്ങളോട് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനായി ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ മുഴുവന്‍ വിവരങ്ങളും കൈമാറിയിട്ടുണ്ട്. അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ലോകാരോഗ്യസംഘടന ഡേറ്റ പരിശോധിച്ചുവരികയാണെന്നും ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ വാക്‌സിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. നിലവില്‍ ചില കമ്പനികള്‍ ഡെങ്കിപ്പനിക്കെതിരെ വികസിപ്പിച്ച വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിദേശത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കൂടുതല്‍ കര്‍ക്കശമായ പരീക്ഷണങ്ങള്‍ രാജ്യത്ത് നടത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരുന്നതായും ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഉത്സവ സീസണ്‍ അടുത്ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കുറഞ്ഞത് ഈ വര്‍ഷമെങ്കിലും അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ബല്‍റാം ഭാര്‍ഗവ അഭ്യര്‍ഥിച്ചു.