കേരളം
കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം; ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം
കോഴിക്കോട്ടെ ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ഓഫീസില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം. ജീവനക്കാരെ മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. നടക്കാവിലുള്ള ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ഓഫീസിലേക്ക് ഒരുകൂട്ടം ഹര്‍ത്താല്‍ അനുകൂലികള്‍ സിപിഎം പതാകയുമായി എത്തുകയായിരുന്നു.
ഇവര്‍ സ്ഥാപനം അടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതിന് തയ്യാറായില്ല. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇരുകൂട്ടരും നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
അതേസമയം സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം. ഓഫീസുകളും കടകമ്ബോളങ്ങളും തുറക്കാതെ ജനങ്ങള്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചില സ്വകാര്യ വാഹനങ്ങള്‍ ഒഴികെ ഓട്ടോ ടാക്‌സി തുടങ്ങിയ പൊതു ഗതാഗതം നിരത്തിലിറങ്ങിയില്ല. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കര്‍ഷക സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ സിപി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് പൊതുവേ സമാധാനപരമായിരുന്നു ഹര്‍ത്താല്‍. എങ്ങും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടി സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയവര്‍ക്ക് പൊലീസും സന്നദ്ദസംഘടനകളും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരിന്നു. കെഎസ്‌ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തി. പ്രാദേശിക മേഖലകളിലും ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ഓരോ പ്രദേശങ്ങളിലും ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ ഹര്‍ത്താലിന് പിന്തുണ നല്‍കിയിരുന്നു.