കേരളം
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ മൊബൈൽ ഫോൺ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്.
ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചതായും രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.
കേസിൽ നേരത്തെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിൻറെ നേതൃത്വത്തിൽ സുരേന്ദ്രനെ ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തത്. കേസിൽ നിർണായ തെളിവുകളിൽ ഒന്നായ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്ന സുരേന്ദ്രൻറ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. ഈ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.
പരിശോധനയ്ക്കായി ഈ ഫോൺ ഒരാഴ്ചക്കകം ഹാജരാക്കാനാണ് സുരേന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദര അപേക്ഷ തയാറാക്കിയ കാസർഗോട്ടെ സ്വകാര്യ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നാണ് സുരേന്ദ്രൻ മൊഴി നൽകിയത്. ഇതും കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മൊഴികൾ കളവാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല.