കേരളം
കോഴിക്കോട്ട് യുവാവിനെ ആക്രമിച്ച് പോക്കറ്റിൽ സൂക്ഷിച്ച 1.2 കിലോ സ്വർണം കവർന്നതായി പരാതി
കോഴിക്കോട് നഗരത്തില്‍ യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്ന സംഘത്തിനായി തെരച്ചില്‍ ഊർജിതമാക്കി പോലീസ്. ഇന്നലെ രാത്രിയാണ് ബംഗാൾ സ്വദേശിയായ സ്ഥാപന ഉടമയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കവർച്ച നടത്തിയത്. നഗരത്തിലെ ജ്വല്ലറിയിലേക്ക് വേണ്ടി ഉരുക്കുശാലയില്‍ തയാറാക്കിയ സ്വർണകട്ടികളാണ് സംഘം കവർന്നത്.
കോഴിക്കോട് തളിക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കവർച്ച നടന്നത്. നഗരത്തിലെ സ്വർണം ഉരുക്കുന്ന കടയുടെ ഉടമയായ ബംഗാൾ സ്വദേശി റംസാന് അലിയെയാണ് നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘം ആക്രമിച്ചത്.
തന്നെ ചവുട്ടി വീഴ്ത്തിയ സംഘം പോക്കറ്റില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന 1.2 കിലോ സ്വർണ കട്ടികൾ കവരുകയായിരുന്നു എന്നാണ് റംസാന് അലി പറഞ്ഞത്. നഗരത്തിലെ ജ്വല്ലറിയിലേക്കായി തയാറാക്കിയ സ്വർണ കട്ടികൾ ഇയാൾ ഉരുക്കുശാലയില്‍നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
രാവിലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. പ്രതികൾക്കായി തിരച്ചില്‍ തുടരുകയാണെന്ന് ടൗൺ എസിപി അറിയിച്ചു. സ്വർണവുമായി വ്യാപാരി വരുന്ന വിവരം കവർച്ചാ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.