കേരളം
ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള വിവാദങ്ങൾ; പൊലീസുകാർക്ക് ഡിജിപിയുടെ സർക്കുലർ
ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെ സാമൂഹികമാധ്യമങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ഡിജിപി അനിൽ കാന്തിന്റെ സർക്കുലർ. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനോ, പ്രചരിപ്പിക്കാനോ പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര കോടതിയിലെ മജിസ്ട്രേട്ടും പാറശാല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പൊലീസുകാരനോട് മോശമായി സംസാരിച്ച മജിസ്ട്രേറ്റിനെ വിവാദത്തെ തുടർന്ന് തൽസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥനാണ് ഫോൺ സംഭാഷണം പ്രചരിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഡിജിപിയുടെ പുതിയ സർക്കുലർ എത്തിയത്.
സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നാണ് സർക്കുലർ പറയുന്നത്. ഫോൺ റെക്കോർഡ് ചെയ്യാനോ, പ്രചരിപ്പിക്കാനോ പാടില്ല. സർക്കുലർ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കുന്നു. പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ഹണി ട്രാപ്പ് വിവാദത്തിനിടെയാണ് ഡിജിപിയുടെ സർക്കുലർ എന്നതും ശ്രദ്ധേയമാണ്. അതേസമയം പുതിയ ഉത്തരവ് ഉദ്യോഗസ്ഥർക്ക് എതിരെ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് സേനയ്ക്കു ള്ളിലെ വിമർശനം.
പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണം നേരിടുന്ന യുവതിക്കെതിരെ സെപ്തംബർ പത്തിന് കേസെടുത്തിരുന്നു. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിക്കെതിരെ കേസ് എടുത്തത്. തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തത്. നെയ്യാറ്റിൻകര ഡിവൈ എസ് പിക്കാണ് അന്വേഷണ ചുമതല. ഒട്ടേറെ പൊലീസുകാര്‍ ഇരകളായതായും യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായുമാണ് സൂചന.
ഒരു യുവതി എസ് ഐ മുതല്‍ ഐ പി എസ് ഉദ്യോഗസ്ഥരെ വരെ കെണിയില്‍പെടുത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. തെളിവായി യുവതിയുമായി ചിലര്‍ നടത്തിയ സംഭാഷണത്തിന്റെ വാട്സാപ്പ് ചാറ്റുകളും ശബ്ദരേഖകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. കൊല്ലം റൂറല്‍ പൊലീസ് ആസ്ഥാനത്തുള്ള എസ് ഐ തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതി.
കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടും. പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. പല പൊലീസുകാര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായെങ്കിലും നാണക്കേട് കാരണം മറച്ചുവയ്ക്കുകയാണ്. ഇതുകൂടാതെ യുവതിയുടെ ബ്ലാക്ക്മെയിലിംഗിനെ തുടർന്ന് നിരവധി പൊലീസുകാരുടെ കുടുംബം തകർന്നതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവതിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചില രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നാണ് പ്രചാരണം.