കേരളം
കരിപ്പൂർ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
കരിപ്പൂർ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. പൈലറ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിമാനം റൺവെയുടെ പകുതി കഴിഞ്ഞ്, സുരക്ഷാ മേഖലയും കഴിഞ്ഞ ശേഷമാണ് ലാൻഡ് ചെയ്തത്.
അതാണ് അപകടത്തിനു കാരണമായത്. അടുത്ത വിമാനത്താവളത്തെ ആശ്രയിക്കുകയെന്ന ഗോ എറൗണ്ട് നിർദേശം പാലിക്കപ്പെട്ടില്ല. മുന്നറിയിപ്പു നൽകിയിട്ടും വിമാനം അമിത വേഗത്തിൽ മുന്നോട്ടുപോയി. തുടർന്ന് വിമാനം വശങ്ങളിലേക്കു തെന്നിമാറുകയും ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആഘാത്തിന് ശേഷം തീപിടിത്തമുണ്ടാകാനുളള സാധ്യത ഉണ്ടായിരുന്നില്ല.
വിമാനത്തിൽ സാങ്കേതിക പിഴവും തള്ളിക്കളയാനാവില്ലെന്ന് റിപ്പോർട്ട്.കരിപ്പൂർ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തമെന്നും റിപ്പോർട്ടിലുണ്ട്. ടേബിൾ ടോപ്പ് റൺവേയിൽ അപായ മുന്നറിയിപ്പുകൾ കുറവാണ്. റൺവേയിൽ സെൻട്രൽലൈറ്റുകൾ സ്ഥാപിച്ചിരുന്നില്ല. റൺവേ വികസനം അടിയന്തരമായി നടപ്പാക്കണമെന്നും റിപ്പോർട്ട് പറയുന്നു.
ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് മുന്നോട്ടുപോയി വിമാനം മൂന്നു ഭാഗമായി തകരുകയായിരുന്നു. 2020 ഓഗസ്റ്റ് 7നാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപെട്ടത്. അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 21 പേരാണ് മരിച്ചത്.165 പേർക്കു പരുക്കേറ്റു. വിമാനത്തിൽ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്.