കേരളം
തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിലെ കണക്കുകളില്‍ പൊരുത്തക്കേട്; 768.38 ലക്ഷത്തിന്റെ വ്യത്യാസം
കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിലെ വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേട്. കോര്‍പ്പറേഷന്റെ കണക്കുകളും വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ കണക്കുകളും തമ്മില്‍ ഏഴരക്കോടിയിലേറെ രൂപയുടെ വ്യത്യാസം. 2018-19 കാലയളവില്‍ 12483.82 ലക്ഷം രൂപ വരവ് ലഭിച്ചിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ പറയുമ്ബോള്‍ കെഎസ്‌ഇആര്‍സിയുടെ കണക്ക് പ്രകാരം 12814.09 രൂപ വരവ് ലഭിച്ചിട്ടുണ്ട്.
12,547.36 ലക്ഷം രൂപയാണ് ചെലവ് ഇനത്തില്‍ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടിലുള്ളത്. കെഎസ്‌ഇആര്‍സിയുടെ കണക്ക് പ്രകാരം നഗരസഭ വൈദ്യുതി വിഭാഗത്തില്‍ 12,045.71 ലക്ഷം രൂപയുടെ ചെലവുകള്‍ മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. ഈ കാലയളവില്‍ 63.55 ലക്ഷം രൂപ ധനക്കമ്മിയായി നഗരസഭ വൈദ്യുതിവിഭാഗം കെഎസ്‌ഇആര്‍സിയില്‍ ട്രൂഅപ്പ് കണക്കുകള്‍ നല്‍കിയിരുന്നെങ്കിലും 768.38 ലക്ഷം രൂപ മിച്ചമാണെന്നാണ് കെഎസ്‌ഇആര്‍ടിസി പറയുന്നത്.
2017-18 വര്‍ഷങ്ങളില്‍ വിതരണ നഷ്ടം ഏഴ് ശതമാനമായിരുന്നു. എന്നാല്‍ 2018-19 വര്‍ഷത്തിലെ വിതരണ നഷ്ടം 7.72 ശതമാനമായി ഉയര്‍ന്നുവെന്നും ഇത് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചിട്ടില്ലെന്നുമാണ് കോര്‍പ്പരേഷന്‍ വാദം. ഇതുമായി ബന്ധപ്പെടുത്തി വൈദ്യുതി വാങ്ങിയ ഇനത്തില്‍ 80.7 ലക്ഷം രൂപ അധിക വിതരണ നഷ്ടമായി കണകാക്കി. ഈ ചെലവും അംഗീകരിച്ചിരുന്നില്ല.
വിതരണ നഷ്ടം കൂടുതലായതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാന്‍ രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ട്. വിതരണ നഷ്ടം കുറയ്ക്കുന്നതിന് കോര്‍പ്പറേഷന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കെഎസ്‌ഇആര്‍സി നല്‍കിയ നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഈ മാസം 15 ന് നടക്കുന്ന ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
നഗരസഭ വൈദ്യുതി വിഭാഗം ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെയും യാര്‍ഡുകളുടെയും വാടക ഉയര്‍ന്ന നിരക്കിലാണ് കോര്‍പ്പറേഷന്‍ വാങ്ങുന്നതെന്നും ഇത് പുനക്രമീകരിക്കണമെന്നും കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്.