കേരളം
കോവിഷീല്‍ഡ് വാക്സിനേഷന് ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി
കോവിഷീല്‍ഡ് വാക്സിനേഷന് ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താത്പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാം. കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കിറ്റെക്സിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
അതേസമയം സര്‍ക്കാര്‍ നല്കുന്ന സൗജന്യവാക്സിന് ഇളവ് ബാധകമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.
കോവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്സിന് ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്ന നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ വിദേശത്തു പോവുന്നവര്‍ക്ക് എങ്ങനെയാണ് ഇളവ് അനുവദിക്കുന്നതെന്ന് കോടതി ആരാഞ്ഞു. വിദേശത്തു പോവുന്നവര്‍ക്കുള്ള ഇളവ് അടിയന്തര സാഹചര്യം പരിഗണിച്ചാണെന്ന് സര്‍ക്കാര്‍ വിശദികരിച്ചു.
കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിന് എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്സ് കോടതിയെ സമീപിച്ചത്. 93 ലക്ഷം രൂപ ചിലവില്‍ കോവിഷീല്‍ഡ് വാക്സിന് വാങ്ങി വെച്ചിട്ടും, കുത്തിവയ്പ്പിന് അനുമതി നല്‍കാത്തത് നീതി നിഷേധമാണെന്നാണ് ഹര്‍ജിയിലെ വാദം. അനുമതിക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വാക്സിന് കുത്തിവെപ്പ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാല്‍ നാലുമുതല്‍ ആറാഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു ആദ്യത്തെ മാഗനിര്‍ദേശം. പിന്നീടിത് 45 ദിവസം എന്നാക്കി മാറ്റി. ഇപ്പോള്‍ 84 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.