Uncategorized
ഓഗസ്റ്റ് മാസത്തിൽ മാത്രം നൽകിയത് 88 ലക്ഷം ഡോസ്; സംസ്ഥാനത്തെ വാക്‌സിനേഷൻ യജ്ഞം വൻ വിജയമെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്തെ വാക്‌സിനേഷൻ യജ്ഞം വൻ വിജയമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഈ മാസത്തിൽ മാത്രം ഓഗസ്റ്റ് ഒന്നു മുതൽ 31 വരെ 88,23,524 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ 70,89,202 പേർക്ക് ഒന്നാം ഡോസും 17,34,322 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. രണ്ട് ദിവസം 5 ലക്ഷം പേർക്കും (ആഗസ്റ്റ് 13, 14) 6 ദിവസം 4 ലക്ഷം പേർക്കും (12, 23, 25, 27, 30, 31), 5 ദിവസം 3 ലക്ഷം പേർക്കും (2, 15, 16, 17, 24), 9 ദിവസം രണ്ട് ലക്ഷം പേർക്കും (3, 6, 7, 9, 11, 18, 19, 26, 29), 5 ദിവസം ഒരുലക്ഷം പേർക്കും (1, 4, 5, 20, 28) വാക്‌സിൻ നൽകിയതായി മന്ത്രി വ്യക്തമാക്കി. ഈ മാസത്തിൽ അവധി ദിനങ്ങൾ കൂടുതലുണ്ടായിരുന്നെങ്കിലും ഈ ലക്ഷ്യം കൈവരിക്കാനായത് ആരോഗ്യ പ്രവർത്തകർ, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ്. ലക്ഷ്യം കൈവരിക്കാൻ പ്രയത്‌നിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു.
സംസ്ഥാനത്തിന്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്രം കൂടുതൽ വാക്‌സിൻ അനുവദിച്ചിരുന്നു. 58,99,580 ഡോസ് കോവീഷീൽഡും 11,36,360 ഡോസ് കോവാക്‌സിനും ഉൾപ്പെടെ 70,35,940 ഡോസ് വാക്‌സിനാണ് കേന്ദ്രം അനുവദിച്ചത്. ഇതുകൂടാതെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച് വാങ്ങി കെ.എം.എസ്.സി.എൽ. മുഖേന 2.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനും ലഭ്യമായി. ഇതോടെ ഈ മാസം മാത്രം സംസ്ഥാനത്തിന് 72,85,940 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ഇതിന് പുറമേ കെ.എം.എസ്.സി.എൽ. മുഖേന 10 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ സംസ്ഥാനം വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഈ മാസം 9നാണ് സംസ്ഥാനത്ത് വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചത്. വാക്‌സിനേഷൻ വർധിപ്പിച്ച് പരമാവധി പേർക്ക് വാക്‌സിൻ നൽകാനാണ് വാക്‌സിൻ യജ്ഞം സംഘടിപ്പിച്ചത്. ഘട്ടം ഘട്ടമായിട്ടായിരുന്നു വാക്‌സിനേഷൻ യജ്ഞം നടപ്പിലാക്കിയത്. എല്ലാ 60 വയസിന് മുകളിലുള്ളവർക്കും കിടപ്പ് രോഗികൾക്കും ആദ്യ ഡോസ് വാക്‌സിൻ എടുക്കുന്നതിന് യജ്ഞത്തിൽ പ്രത്യേക പ്രാധാന്യം നൽകി.
അധ്യാപകർ, അനുബന്ധ രോഗമുള്ളവർ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർക്കെല്ലാം വാക്‌സിൻ നൽകി വരുന്നു. അധ്യാപകരുടെ വാക്‌സിനേഷൻ അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനകം പൂർത്തിയാക്കുന്നതാണ്. സെപ്റ്റംബർ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകാനുള്ള ശ്രമത്തിലാണ്. വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,41,111 പേർക്ക് വാക്‌സിൻ നൽകി. ഇതോടെ ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 2,90,51,913 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 2,12,55,618 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 77,96,295 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്.
2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷൻ അനുസരിച്ച് 60.04 ശതമാനം പേർക്ക് ഒന്നാം ഡോസും 22.02 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 74.06 ശതമാനം പേർക്ക് ഒന്നാം ഡോസും 27.16 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 91 ശതമാനം പേർക്ക് ഒന്നാം ഡോസും 46 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 51 ശതമാനം പേർക്ക് ഒന്നാം ഡോസ് നൽകിയിട്ടുണ്ട്.