കേരളം
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർദ്ധിച്ചു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 35,560 രൂപയ്ക്കാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ വില വർദ്ധിക്കുകയായിരുന്നു. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് വര്‍ധിച്ചത്.
ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായതെങ്കിലും അവിടെ നിന്ന് കരകയറുന്നതായാണ് ഇപ്പോള്‍ കാണുന്നത്. നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്.
കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് കുറഞ്ഞത് 915 രൂപയാണ്.