കേരളം
പ്ലസ് വണ്‍ പ്രവേശനത്തിനായി ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്തംബര്‍ മൂന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. www.admission.dge, kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ് ഇന്ന് രാവിലെ മുതല്‍ സജ്ജമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട രീതികളും മാര്‍ഗനിര്‍ദേശങ്ങളും വിശദീകരിക്കുന്ന വീഡിയോയും യൂസര്‍ മാനുവലും വൈബ്സൈറ്റില്‍ ലഭ്യമാണ്.
കേരളത്തിലെ സർക്കാർ / എഡ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് സെപ്റ്റംബർ 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിനു തടസ്സമില്ല.
എസ്‌എസ്‌എൽസി / പത്താം ക്ലാസ് / തുല്യ പരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി +’ ഗ്രേഡ് അഥവാ തുല്യമാർക്കു വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. സിബിഎസ്ഇ വിഭാഗത്തിൽ ബോർഡ്–തല പരീക്ഷ ജയിച്ചവരെയാണ് ആദ്യറൗണ്ടിൽ പ്രവേശനത്തിനു പരിഗണിക്കുക. 2018 മാർച്ചിനു മുൻപ് വെവ്വേറെ സ്കൂൾ / ബോർഡ് തല പരീക്ഷകളുണ്ടായിരുന്ന വർഷങ്ങളിൽ യോഗ്യത നേടിയ കുട്ടികളുടെ രക്ഷിതാക്കൾ ഇക്കാര്യത്തിലെ തെളിവിനായി 9–ാം അനുബന്ധത്തിലെ ഫോർമാറ്റിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം.
സ്‌കൂൾതല സിബിഎസ്‌ഇക്കാരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പരിഗണിക്കും. സിബിഎസ്‌ഇയിൽ ‘മാത്തമാറ്റിക്സ് സ്റ്റാൻഡേഡ്’ ജയിച്ചവർക്കു മാത്രമേ മാത്‌സ് ഉൾപ്പെട്ട വിഷയങ്ങളുടെ കോംബിനേഷൻ എടുക്കാൻ കഴിയൂ. 2021 ജൂൺ ഒന്നിന് 15–20 വയസ്സാണ് പ്രായപരിധി. കേരളത്തിലെ പൊതുപരീക്ഷാ ബോർഡിൽ നിന്നു ജയിച്ചവർക്കു കുറഞ്ഞ പ്രായപരിധിയില്ല. മറ്റു ബോർഡുകാർക്കു കുറഞ്ഞതും കൂടിയതുമായ പരിധികളിൽ 6 മാസം വരെ ഇളവ് നിർദിഷ്ട അധികാരികളിൽനിന്നു വാങ്ങാം. കേരള ബോർഡുകാർക്ക് ഉയർന്ന പ്രായത്തിൽ 6 മാസം വരെയും. പട്ടികവിഭാഗക്കാർക്ക് 22, കാഴ്ച / ശ്രവണ പരിമിതർക്കും ബുദ്ധിപരമായി വെല്ലുവിളി നേടുന്നവർക്കും 25 വരെയാകാം.