കേരളം
കേരളത്തിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 40,000 വരെ ആകുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് സെപ്റ്റംബറിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം സാഹചര്യം വിലയിരുത്തും. ഇന്ന് നടത്താൻ തീരുമാനിച്ച അവലോകന യോഗം ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
പതിനൊന്ന് ജില്ലകളിൽ കിടക്കകൾ അമ്പത് ശതമാനത്തിലേറെ നിറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. പെരുന്നാൾ തിരക്കിന്റെ ആഘാതം കുറയും മുമ്പെത്തിയ ഓണാഘോഷത്തിൽ കോവിഡ് നിരക്ക് കുതിച്ചുയരുകയാണ്. നൂറുപേരെ പരിശോധിക്കുമ്പോൾ 17 പേരിലേറെ പേർക്ക് കോവിഡ് കണ്ടെത്തുന്നു.
മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതൽ. കോവിഡ് ഇതര രോഗങ്ങൾക്ക് ചികിൽസയിൽ കഴിയുന്ന ആയിരങ്ങൾക്കൊപ്പം കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്. ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന മലപ്പുറത്ത് സർക്കാർ മേഖലയിൽ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്.
പരിശോധനകളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞെങ്കിലും ടിപിആർ 17 നടുത്ത് തുടരുകയാണ്. എല്ലാ ദിവസവും ശരാശരി 100 പേർ വീതം മരണത്തിനു കീഴടങ്ങുന്നു. സെപ്റ്റംബർ രണ്ടാം വാരത്തോടെ രോഗികളുടെ എണ്ണം 40000 വരെ ഉയർന്നേക്കാമെന്നാണ് നിഗമനം. പൊതുവിടങ്ങളിലും ചടങ്ങുകളിലും കോവിഡ് പ്രൊട്ടോക്കോൾ കർശനമാക്കും. ടിപിആർ ഉയർന്നു നിൽക്കുന്നയിടങ്ങളിൽ നിയന്ത്രണങ്ങൾ കൂട്ടാനും നിർദേശിക്കും.
ഓണത്തിരക്കിന്റെ പ്രതിഫലനം കണ്ടു തുടങ്ങാൻ ഇനിയും രണ്ടാഴ്ചയെങ്കിലുമെടുക്കും. അപ്പോഴേയ്ക്കും പുതിയ ക്ലസ്റ്ററുകൾ തടയാനായില്ലെങ്കിൽ കിടക്കകളും ഐസിയുകളും കിട്ടാതെ വരുന്ന സാഹചര്യം വീണ്ടും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പരിശോധനകൾ കുറഞ്ഞതും വെല്ലുവിളിയാണ്.