കേരളം
കോവിഡ് വ്യാപനം; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ ആശുപത്രികള്‍ നിറഞ്ഞു
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടക്കകൾക്കു ക്ഷാമം നേരിടുന്നു. പാലക്കാട്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികൾ നിറയുന്നത്. എന്നാൽ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലും ചികിത്സ തേടുന്ന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവു രേഖപ്പെടുത്തുന്നു.
പാലക്കാടു ജില്ലയിൽ ഐസിയു, വെന്റിലേറ്റർ ഒഴിവില്ല. ജില്ലാ കോവിഡ് ആശുപത്രിയിൽ ആകെയുള്ളത് 53 വെന്റിലേറ്ററുകളാണ്. അതിൽ 50 ലും കോവിഡ് ബാധിതർ ഉണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും ജില്ലയിൽ ഉയരുന്നു.
എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ 2 മാസമായി എല്ലാ ഐസിയു കിടക്കകളും നിറഞ്ഞിരിക്കയാണ്. വെന്റിലേറ്ററുകളും ഒഴിവില്ല. പിവിഎസ് ആശുപത്രിയിലെയും സിയാൽ കൺവെൻഷൻ സെന്ററിലെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ പൂട്ടിയതോടെയാണ് മെഡിക്കൽ കോളജിൽ ബെഡുകൾ നിറഞ്ഞത്. ആലുവ ജില്ലാ ആശുപത്രിയിലെ കോവിഡ് കേന്ദ്രത്തിലും കിടക്കയും വെന്റിലേറ്ററും ഒഴിവില്ല.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും വെന്റിലേറ്റർ, ഐസിയു, വാർഡ് എന്നിവയിൽ ഒഴിവില്ല. റഫറൽ ലെറ്റർ ഉണ്ടെങ്കിൽ മാത്രമാണ് ചില ആശുപത്രികളിൽ പ്രവേശനം. മറ്റ് ചില സ്ഥലങ്ങളിൽ അതുമില്ല. കിടക്ക ഒഴിയുന്നതു വരെ കാത്തിരിക്കാനാണു നിർദേശം.
എന്നാൽ, തിരുവനന്തപുരം ജില്ലയിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണം 30 ശതമാനത്തിൽ താഴെ മാത്രം. പത്തനംതിട്ട ജില്ലയിൽ ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്.