കേരളം
കേരളത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത 46 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് രണ്ട് ഡോസും എടുത്തവരില്‍ 87000ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 46 ശതമാനം കേസുകളും കേരളത്തില്‍ നിന്നെന്ന് ആരോഗ്യമന്ത്രാലയം നൽകുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ വ്യാപകമായ തോതില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. കൂടുതല്‍ കേസുകളും കേരളത്തിലാണ് കണ്ടെത്തിയത്.
കേരളത്തില്‍ ആദ്യ ഡോസ് സ്വീകരിച്ചവരില്‍ എണ്‍പതിനായിരത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഡോസും സ്വീകരിച്ച 40000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു. സമ്പൂര്‍ണ വാക്‌സിനേഷന്‍ നേടിയ വയനാട്ടില്‍ പോലും വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. വയനാട്ടില്‍ എല്ലാവരും ഒരു ഡോസെങ്കിലും വാക്‌സിന്‍ സ്വീകരിച്ചവരാണ്.
കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം കോവിഡ് സ്ഥിരീകരിച്ചവരുടെ 200 സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചിരുന്നു. ഇതില്‍ പുതിയ വകഭേദമൊന്നും കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വൈറസിന്റെ പുതിയ വകഭേദമാണ് കൂടുതല്‍ മാരകമായത്. കൂടുതല്‍ പേര്‍ക്കും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചത്. രണ്ടാം കോവിഡ് തരംഗം കുറഞ്ഞെങ്കിലും പുതിയ വകഭേദത്തിന് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.