കേരളം
കേരളത്തിൽ പുതിയ കൊവിഡ് വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രം
കേരളത്തില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ 88 മുതല്‍ 90 ശതമാനം കേസുകളും ഡെല്റ്റയാണെങ്കിലും പുതിയ വകഭേദങ്ങളൊന്നും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ പകുതിയിലധികം കേസുകള്‍ കേരളത്തിലാണെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കേസുകളെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു ഇത്. കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് പരിശോധിക്കാനായി കേന്ദ്രത്തില്‍ നിന്നെത്തിയ ആറംഗ സംഘം സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ ജില്ലകള്‍ സന്ദര്‍ശിച്ച കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
പ്രമേഹ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനയും കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ പിന്തുടരുന്നതിലെ അലസതയും കേസുകള്‍ കൂടി വരുന്നതിന്റെ കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. പ്രായമേറിയവരുടെ എണ്ണം കേരളത്തില്‍ കൂടുതലാണെന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. ഒരു തവണ കോവിഡ് ബാധിച്ചവരില്‍ വീണ്ടും രോഗം ബാധിക്കുന്നതിന്റെ വിവരങ്ങളും സംഘം ശേഖരിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ഡോ.സുജീത്ത് സിങ് പറഞ്ഞു.
പോസിറ്റീവ് ആയ വ്യക്തിയില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന്റെ തോത് കൂടുന്നതും പ്രതിദിന കേസുകളുടെ എണ്ണം കൂടാന്‍ കാരണമാകുന്നുണ്ട്. ഓണം പ്രമാണിച്ച് തിരക്ക് കൂടിയാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജില്ലാ ഭരണക്കൂടങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച് റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്തനംത്തിട്ടയില്‍ 14,974 പേര് വീണ്ടും രോഗബാധിതരായി. ഇതില്‍ 5042 പേര് രണ്ടു ഡോസും സ്വീകരിച്ചവരാണ്. ഇത്തരത്തില്‍ വീണ്ടും രോഗം ബാധിക്കാനുള്ള കാരണം കേന്ദ്ര സംഘം അന്വേഷിച്ചു വരികയാണ്. രാജ്യത്തെ കോവിഡ് കേസുകള്‍ ജൂലായ്-ഓഗസ്റ്റോടെ കുറഞ്ഞുവെങ്കിലും കേരളത്തില്‍ കേസുകളുടെ എണ്ണം കൂടുന്നത് രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടാക്കുന്നുണ്ട്.