കേരളം
ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമങ്ങള്‍ വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ഡോക്ടർമാർക്ക് എതിരെ അക്രമങ്ങൾ വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. പൊതുജനങ്ങൾക്കിടയിൽ ഇത് സംബന്ധിച്ച് ബോധവൽക്കരണം നടത്താനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഐഎംഎ കഴിഞ്ഞയാഴ്ച സർക്കാരിന് കത്ത് നൽകിയിരുന്നു. ഡോക്ടർമാർക്ക് എതിരായ അതിക്രമങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ വിചിത്രമായ മറുപടി.
അതേസമയം ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായത് 43 അതിക്രമങ്ങളാണ്. ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കിയിട്ടും കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ജാമ്യത്തിലാണ്. ഇതില്‍ പത്ത് കേസുകളിലെ പ്രതികള്‍ ഇന്നും കാണാമറയത്താണ്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ.
ആശുപത്രി സംരക്ഷണ നിയമം ചുമത്താത്ത പത്ത് കേസുകളാണ് എടുത്തിട്ടുള്ളത്. പൊലീസ് ആക്ടിലെ 80 ആം വകുപ്പ് പ്രകാരം നമ്മുടെ ആശുപത്രികളെല്ലാം പ്രത്യേക സുരക്ഷാ മേഖലയിലാണ്. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഒഴികെ അത്യാഹിത വിഭാഗമുള്ള സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലൊന്നിലും പൊലിസ് സംരക്ഷണവുമില്ല. ഡോക്ടര്‍മാരെ കൂടാതെ 77 മറ്റ് ആരോഗ്യപ്രവര്‍ത്തകരും പലതരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്ക്.