Uncategorized
മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴി പുറത്ത്
വിദേശയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ പണം കടത്തിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. കസ്റ്റംസ് സരിത്തിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് ഈ വിവരമുള്ളത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർക്കടത്ത് കേസിൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് മുഖ്യമന്ത്രിക്കെതിരെ സരിത്തിന്റെ മൊഴിയുള്ളത്.
2017ന് ശേഷം മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുമായി ബന്ധം സ്ഥാപിക്കണമെന്ന് സ്വപ്ന സുരേഷ് തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം താൻ പലരുമായി ബന്ധമുണ്ടാക്കി. ഈ സമയത്താണ് മുഖ്യമന്ത്രി യുഎഇക്ക് പോയത്. ഈ സമയത്ത് കോൺസുൽ ജനറൽ സ്വപ്നയെ വിളിച്ച് മുഖ്യമന്ത്രി ഒരു പാക്കറ്റ് ഓഫീസിൽ വെച്ച് മറന്നെന്നും അത് എടുത്ത് നൽകണമെന്നും ആവശ്യപ്പെട്ടു.
സ്വപ്നയുടെ നിർദേശപ്രകാരം സെക്രട്ടറിയേറ്റിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെത്തി ഹരികൃഷ്ണൻ എന്ന ഓഫീസറിൽ നിന്നും ബ്രൗൺ നിറത്തിലെ പാക്കറ്റ് കൈപ്പറ്റി. ഇത് കോൺസുലേറ്റിൽ എത്തിച്ചപ്പോൾ എന്താണെന്ന് സംശയം തോന്നിയ താൻ എക്സ്റേ മെഷീനിൽ പാക്കറ്റ് പരിശോധിച്ചു.
ഇതിൽ നോട്ട് കെട്ടുകളായിരുന്നുവെന്നും സരിത്തിന്റെ മൊഴിയിൽ പറയുന്നു. പണം കൂടാതെ മറ്റ് ചില വസ്തുക്കളും ഉണ്ടായിരുന്നു. അന്ന് വിദേശത്തേക്ക് പോവുകയായിരുന്ന അറ്റാഷെ ഇത് കൊണ്ടുപോയെന്നും സരിത്ത് പറയുന്നു.