കേരളം
കോടതിയലക്ഷ്യത്തിന് ഒറ്റപ്പാലം മുൻ സബ് കലക്ടർക്ക് കാൽ ലക്ഷം രൂപ പിഴ
ഒറ്റപ്പാലം മുൻ സബ് കലക്ടറും ഇടുക്കി പാക്കേജ് സ്പെഷൽ ഓഫിസറുമായ അർജുൻ പാണ്ഡ്യൻ കാൽ ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി. കോടതിയലക്ഷ്യക്കേസിൽ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് പിഴ നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
ഒറ്റപ്പാലത്തു ‘ഓപ്പറേഷൻ അനന്ത’ എന്ന റോഡ് വികസനം പദ്ദതിയുടെ ഭാഗമായി മുൻവശം പൊളിച്ചുനീക്കിയ കെട്ടിടത്തിന്റെ ഉടമയായ ഹർജിക്കാരിക്കു തുക നൽകാനാണു കോടതി പറഞ്ഞത്. ഒറ്റപ്പാലം സ്വദേശി കെ ടി മറിയക്കുട്ടി ഉമ്മയാണ് കേസിൽ ഹർജിക്കാരി. കഴിഞ്ഞ വർഷം നവംബറിലാണ് ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുൻഭാഗം പൊളിച്ചത്.
ഇത് 2016ൽ ഹൈക്കോടതി നൽകിയിരുന്ന സ്റ്റേ ഉത്തരവിലെ സുപ്രധാന വ്യവസ്ഥയുടെ ലംഘനമാണെന്നു കാണിച്ചു മറിയക്കുട്ടിയുമ്മ ഹൈക്കോടതിയെ സമീപിച്ചു. അന്തിമവിധി ഹർജിക്കാരിക്ക് എതിരായാലും കോടതിയുടെ അനുമതിയില്ലാതെ തുടർനടപടി പാടില്ലെന്ന സ്റ്റേ ഉത്തരവിലെ നിബന്ധന ലംഘിച്ചതാണു കോടതിയലക്ഷ്യമായത്.
കോടതിയലക്ഷ്യക്കേസിന്റെ തുടർച്ചയായാണു സബ് കലക്ടറെ സ്ഥലം മാറ്റാൻ ഉത്തരവായത്. വ്യാപാര സ്ഥാപനത്തിന്റെ മുൻവശം പൊളിച്ചുനീക്കി സർക്കാരിലേക്കെടുത്ത ഭൂമി കൈവശക്കാർക്കു തിരിച്ചേൽപിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം റവന്യു വകുപ്പു സാങ്കേതികമായി ഭൂമി തിരിച്ചേൽപിച്ചു.