കേരളം
സഹകരണ വിപണിയിൽ നിന്ന് മുഹറത്തെ ഒഴിവാക്കി കണ്‍സ്യൂമര്‍ ഫെഡ്
പ്രതിഷേധം ശക്തമായതോടെ ഓണം – മുഹറം സഹകരണ വിപണി എന്നതിൽ നിന്നും മുഹറം ഒഴിവാക്കി കണ്‍സ്യൂമര്‍ ഫെഡ് ഉത്തരവിറക്കി. സഹകരണ ഓണം വിപണി എന്നാണ് ഇനി ഉപയോഗിക്കുക. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പേര് ഒഴിവാക്കിയതയെന്ന് കണ്‍സ്യൂമർ ഫെഡ് എം ഡി മെഹ്ബൂബ് അറിയിച്ചു.
ഇനി മുതല്‍ സബ്‌സിഡി വിപണിയുടെ ഭാഗമായ എഴുത്തുകളിലും യോഗങ്ങളിലും പരസ്യങ്ങളിലും മുഹറം എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നും അറിയിച്ചു. നിലവില്‍ തയാറാക്കിയ ബാനറില്‍നിന്ന് മുഹറം എന്ന വാക്ക് ഒഴിവാക്കണമെന്നും കണ്‍സ്യൂമര്‍ ഫെഡ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഓണം – മുഹറം വിപണികളുടെ സംസ്ഥാഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിൽ മുഹറം എന്ന വാക്ക് വന്നതോടെ പല സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു.
ഓണം – മുഹറം ചന്തയിൽനിന്ന് മുഹറം എന്ന വാക്ക് ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുസ്ലിം ലീഗിന്‍റെ നിലപാടിനെതിരെ കെ ടി ജലീൽ എം എൽ എ രംഗത്തുവന്നിരുന്നു. കേരളത്തിലെ മുസ്ലിംകളിൽ മഹാഭൂരിപക്ഷം വരുന്ന സുന്നികൾ മുഹറം 10 വിശേഷാൽ ദിവസമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതേ സമയം സർക്കാർ പ്രഖ്യാപിച്ച മുഹറം ചന്ത അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞിരുന്നു. മുഹറം 9, 10 തീയതികളിൽ നോമ്പനുഷ്ഠിക്കൽ പുണ്യകർമമാണെന്നാണ് ഇസ്ലാമിൽ നിർദ്ദേശമുള്ളത്. അതല്ലാതെ മുഹറം ഒരു ആഘോഷക്കാലമല്ല. അതിനാൽ മുഹറത്തിന്റെ പേരിൽ ഒരു ചന്തയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.