കേരളം
നാലില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സഹായം നല്‍കിയതിനെ പിന്തുണച്ച് കെസിബിസി
നാലില്‍ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ധനസഹായവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച പാല, പത്തനംതിട്ട രൂപതകൾക്ക് പിന്തുണയുമായി കെസിബിസി. കുഞ്ഞുങ്ങളുടെ ജനനന നിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവ സമൂഹം മാറിയെന്നും, ജനനനിരക്ക് കുറയുന്നത് ആശങ്കാജനകമാണെന്നും കെസിബിസി വാർഷിക സമ്മേളനത്തിന് ശേഷം വ്യക്തമാക്കി.
രണ്ടായിരത്തിന് ശേഷം വിവാഹിതരായ നാലില്‍ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 1500 രൂപ, അഞ്ചാമത്തെ കുട്ടിയ്ക്ക് സ്കോഷർഷിപ്പോടെ രൂപതയുടെ കോളേജിൽ എഞ്ചിനിയറിംഗ് പഠനം, കുടുംബത്തിലുള്ളവർക്ക് ജോലി എന്നിവയായിരുന്നു പാല രൂപത പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍. കുടുംബ വർഷത്തിന്‍റെ ഭാഗമായ ഓൺലൈൻ മീറ്റിംഗിൽ ആയിരുന്നു രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രഖ്യാപനം.
പാല രൂപതയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പാലരൂപതയെ കടത്തിവെട്ടി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സിറോ മലങ്കരസഭയുടെ പത്തനംതിട്ട രൂപതയും രംഗത്ത് വന്നു. നാലിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ 2000 രൂപ അതിരൂപത പ്രതിമാസം നൽകുമെന്നായിരുന്നു പ്രഖ്യാപനം.
അതിരൂപതകളുടെ ഈ പ്രഖ്യാപനത്തെ പൂർണ്ണമായി പിന്തുണയ്ക്കുകയാണ് കെസിബിസി. നിലനിൽപ് തന്നെ അപകടത്തിലാകുംവിധം ജനനനിരക്ക് ക്രൈസ്തവർക്കിടയിൽ കുറയുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നാണ് നിലപാട്. കേരളത്തിലെ ജനസംഖ്യയിൽ 24.6 ശതമാനമുണ്ടായ ക്രൈസ്തവർ 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന പദ്ധതിയുമായി അതിരൂപതകൾ മുന്നോട്ട് വന്നതെന്നാണ് കെസിബിസി വിശദീകരിക്കുന്നത്.