കേരളം
പ്രണയം ജീവനെടുക്കാനുള്ള അധികാര രൂപമല്ലെന്ന് മുഖ്യമന്ത്രി
പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാരരൂപമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരഭിമാനകൊലകള്‍ പോലെ ശക്തമായി എതിര്‍ക്കപ്പെടേണ്ട ഒന്നാണ് ഇത്. ഒരാള്‍ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ഒരോരുത്തര്‍ക്കുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിന്തൽമണ്ണയിലെ ദൃശ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരത്തിന്റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പെരിന്തല്‍മണ്ണ ഏലംകുളം, ചെമ്മാട്ട് ബാലചന്ദ്രന്റെ മകള്‍ 21 വയസ്സുള്ള ദൃശ്യയെ മഞ്ചേരി സ്വദേശിയായ വിനീഷ് എന്ന യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി മൃഗീയമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയുടെ സഹോദരി ദേവശ്രീയെയും പ്രതി മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. പ്രതിയായ വിനീഷിനെ അന്നുതന്നെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
“പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും നീതീകരിക്കാനാവാത്ത മൃഗീയമായ കൊലപാതകമാണ് നടന്നത്. ദുരഭിമാനകൊലകള്‍ പോലെ ശക്തമായി എതിര്‍ക്കപ്പെടേണ്ട ഒന്നാണ് ഇത്. ഒരാള്‍ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ഒരോരുത്തര്‍ക്കുമുണ്ട്. അതിനെ മറികടന്ന് മറ്റൊരാളുടെ മേല്‍ തങ്ങളുടെ ഇംഗിതം അടിച്ചേല്‍പ്പിക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാരരൂപമല്ല. ഇത്തരം ജനാധിപത്യപരമായ ജീവിത കാഴ്‌ചപ്പാടിലേക്ക് ജനതയെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. പരസ്‌പര സമ്മതത്തോടെ രൂപപ്പെടേണ്ട ബന്ധത്തെ കൊലപാതകങ്ങളില്‍ എത്തിക്കുന്ന പ്രവണതകളെ ചെറുക്കുന്നതിനുള്ള എല്ലാ നടപടികളും നമുക്ക് സ്വീകരിക്കാനുമാവണം. അതോടൊപ്പം ഇത്തരം ചെയ്‌തികള്‍ ചെയ്യുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിച്ചുവരുന്ന കച്ചവട സ്ഥാപനം കത്തിച്ചതിലും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കച്ചവട സ്ഥാപനം തീ വെച്ച് നശിപ്പിച്ചതില്‍ 50 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായാണ് മൊഴി നല്‍കിയിട്ടുള്ളത്. കെട്ടിടത്തിന്റെ നാശനഷ്‌ടം കണക്കാക്കുന്നതിന് പെരിന്തല്‍മണ്ണ പിഡബ്ല്യൂഡി കെട്ടിട വിഭാഗം നടപടിയെടുത്തുവരികയാണ് – മുഖ്യമന്ത്രി മറുപടിയിൽ അറിയിച്ചു.