കേരളം
വ്യായാമം ചെയ്യുന്നതിനിടെ ഫ്ളാറ്റിന് മുകളില്‍ നിന്ന് വീണ് പ്ലസ്ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം
വ്യായാമം ചെയ്യുന്നതിനിടെ ഫ്ളാറ്റിന് മുകളില്‍ നിന്ന് താഴേക്ക് വീണ് പെണ്‍കുട്ടി മരിച്ചു. എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന പ്ലസ് ടൂ വിദ്യാര്‍ഥിനി ഐറിന് ജോയ് ആണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു. സഹോദരന് ഒപ്പം ഫ്ളാറ്റിന് മുകളില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടെറസില്‍ നിന്ന് മൂന്നാം നിലയിലെ ഒരു ഷീറ്റിലേക്ക് വീഴുകയും അവിടെ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു.
ചിറ്റൂര്‍ റോഡിലെ ശാന്തി തോട്ടക്കാട് എസ്റ്റേറ്റ് ഫ്ളാറ്റിനു മുകളില്‍നിന്ന് വീണാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചാലക്കുടി സ്വദേശികളാണ്. അമ്മയും സഹോദരനും പെണ്‍കുട്ടിയുമാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. പിതാവ് സൗദിയിലാണ് ജോലി ചെയ്യുന്നത്.
പെണ്‍കുട്ടിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.പത്ത് നിലകളുള്ള ഫ്ലാറ്റിന്റെ ടെറസിൽ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിൻ. ഫ്ലാറ്റിലെ ടെറസിൽ അരഭിത്തിയിലുള്ള പാരപ്പറ്റാണുള്ളത്. ഇതിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ടൈൽ പാകിയ കോൺക്രീറ്റ് ബെഞ്ചിൽ ചവിട്ടി വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കാൽ വഴുതി പാരപ്പറ്റിന് മുകളിലൂടെ വീണ ഐറിൻ എട്ടാം നിലയുടെ സൺഷേഡിലുണ്ടായിരുന്ന ഷീറ്റിൽ പതിക്കുകയും തുടർന്ന് തെറിച്ച് താഴത്തെ കാർ പാർക്കിങ് ഏരിയയിലെ ഷീറ്റിലും വശത്തെ ഭിത്തിയിലും അടിച്ചു തറയിലേക്ക് വീഴുകയായിരുന്നു. തലയിടിച്ചു വീണ ഐറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു..