കേരളം
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസ്; ജലീലിന്റെ ആരോപണം തള്ളി കുഞ്ഞാലികുട്ടി
ചന്ദ്രിക അക്കൗണ്ട് കേസുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസ്. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തി ഇഡി നോട്ടീസ് കൈമാറി. കഴിഞ്ഞ ജൂലായ് മാസം ഇത് സംബന്ധിച്ച് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ലീഗ് യോഗത്തിലും ഇക്കാര്യം വലിയ ചര്‍ച്ചയായിരുന്നു. മുന്‍ മന്ത്രി കെടി ജലീലും ഇത് സംബന്ധിച്ച രേഖകള്‍ ഇന്ന് പുറത്തുവിട്ടിരുന്നു.കോഴിക്കോട് ചികിത്സയിലുള്ള തങ്ങളോട് മറ്റന്നാള്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചികിത്സയില്‍ തുടരുന്ന തങ്ങള്‍ മറ്റന്നാള്‍ ഹാജരാകില്ലെന്നാണ് ലീഗുമായി അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചന. നോട്ട് നിരോധനക്കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ പത്ത് കോടി വെളുപ്പിച്ചുവെന്നാണ് കേസ്.
അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തെന്ന കെ.ടി.ജലീൽ എംഎൽഎയുടെ ആരോപണം തള്ളി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ രംഗത്ത് എത്തി. ഇഡി ചില കാര്യങ്ങളില്‍ വ്യക്തത തേടിയതാണെന്നും പാർട്ടി പത്രത്തിന്റെ അക്കൗണ്ടിൽ വന്ന പണത്തിനു പാലാരിവട്ടവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പണമിടപാടില്‍ ദുരൂഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാൻ ഇഡി അയച്ച നോട്ടിസിന്റെ പകർപ്പ് കെ.ടി.ജലീൽ പുറത്തു വിട്ടിരുന്നു. മുസ്ലിം ലീഗിനെയും ലീഗിന്റെ സ്ഥാപനങ്ങളെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമായി കുഞ്ഞാലിക്കുട്ടി മാറ്റിയെന്നും വി.കെ. ഇബ്രാഹിം കുഞ്ഞാണ് ഇതിനു ഒത്താശ ചെയ്തതെന്നും ജലീൽ ആരോപിച്ചിരുന്നു.