കേരളം
കീം ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു; ഒരു വിഭാഗത്തോട് അനീതിയെന്ന് ഹർജി
കേരള എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ (കീം) ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി ഇടക്കാലത്തേക്കു തടഞ്ഞു. പ്രവേശന പരീക്ഷാ ഫലത്തിന്റെ മാത്രം അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കണം എന്നാവശ്യപ്പെട്ട് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റുകളും വിദ്യാർഥികളും നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ ഇടപെടൽ.
ഇനി ഒരു ഉത്തരവ് ഉണ്ടാകുംവരെ പരീക്ഷാഫലവും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കരുത് എന്നാണു ഹൈക്കോടതി നിർദേശം. കോവിഡ് പശ്ചാത്തലത്തിൽ സിബിഎസ്ഇ, ഐഎസ്ഇ സ്ട്രീമുകളിൽ വാർഷിക പരീക്ഷ നടത്തിയിട്ടില്ലാത്തതിനാൽ പ്ലസ്ടു മാർക്ക് കൂടി പരിഗണിച്ച് ഫലം പ്രസിദ്ധീകരിച്ചാൽ അത് ഒരു വിഭാഗം വിദ്യാർഥികളോടുള്ള അനീതി ആയിരിക്കും എന്നാണ് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നത്.
വ്യാഴാഴ്ച നടക്കാനിരിക്കുന്ന പരീക്ഷയുടെ ഫലമോ റാങ്ക് ലിസ്റ്റോ പ്രസിദ്ധീകരിക്കുന്നത് ഇനി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച് എംഎസ്, ബിഎസ് എംഎസ്, ബിയുഎംഎസ്, അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണു കീം.