കേരളം
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; അവലോകനയോഗം ഇന്ന്
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ നിലവിലെ രീതയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഇന്നു തീരുമാനമെടുക്കും എന്ന് റിപ്പോർട്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നു വൈകീട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. ലോക്ഡൗണ്‍ സംബന്ധിച്ച് വിദഗ്ധ സമിതി ശുപാര്‍ശകള്‍ യോഗം ചര്‍ച്ച ചെയ്യും.
നിലവില്‍ ടിപിആര്‍ അടിസ്ഥാനത്തിലുള്ളകോവിഡ് നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. എന്നാല്‍ ഇതിനെതിരെ ആരോഗ്യ വിദഗ്ധരും കച്ചവടക്കാരും അടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ടിപിആര്‍ അടിസ്ഥാനത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ അവലോകന യോഗം ചര്‍ച്ച ചെയ്യും.
രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടിയാണ് ആലോചനയില്‍. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാകും ചെയ്യുക എന്നാണ് സൂചന. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും തീരുമാനമുണ്ടായേക്കും.
രോഗവ്യാപനം ഇല്ലാത്ത ഇടങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിര്‍ദേശം. പരിപൂര്‍ണ്ണമായി ഇളവുകള്‍ നല്‍കുന്നതിന് എതിരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാടും സര്‍ക്കാര്‍ പരിഗണിക്കും.
എന്നാല്‍ ഓണക്കാലവും, നിയന്ത്രണങ്ങള്‍ക്ക് എതിരായ പ്രതിഷേധവും കണക്കിലെടുത്തു കൂടുതല്‍ ഇളവുകള്‍ക്ക് തന്നെയാണ് സാധ്യത. ഒരുവശത്ത് മുഴുവന്‍ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകള്‍ മറുവശത്ത് ലോക്ക്ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധവും മുഴുവന്‍ തുറന്നിടരുതെന്ന കേന്ദ്ര നിര്‍ദ്ദേശവും, വലിയ സമ്മര്‍ദ്ദത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.