കേരളം
ബെവ്കോ ലാഭവിഹിതം കൂട്ടുന്നു; വിദേശനിര്‍മിത വിദേശമദ്യം കുപ്പിക്ക് 500 രൂപ മുതൽ കൂടും
വിദേശനിർമിത വിദേശമദ്യത്തിനു (എഫ്എംഎഫ്എൽ) വില വർധിപ്പിച്ച് ബെവ്കോ. ബിവറേജസ് കോർപറേഷൻ ആസ്ഥാനത്തുനിന്നു മദ്യഷോപ്പുകളിലേക്കു ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ച മുതൽ കൂടിയ വിലയ്ക്കു വിൽപന തുടങ്ങി. 500 രൂപ മുതൽ മുകളിലേക്കാണ് ഒരു കുപ്പി എഫ്എംഎഫ്എല്ലിനു വില വർധിച്ചത്.
വെയര്‍ഹൗസ്‍ ലാഭവിഹിതം 2.5 ശതമാനത്തില്‍നിന്ന് 14 ശതമാനമായാണ് കൂട്ടിയത്. ഇതോടെ 4830 രൂപയുടെ ജോണി വാക്കറിന് ഇനി 6210 രൂപ നല്‍കണം. മറ്റു മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്കും ക്രമാനുസൃതമായി വില ഉയരും. വര്‍ധന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്‍റെ വിലയെ ബാധിക്കില്ല.
എന്നാൽ വില വർധിപ്പിച്ചിട്ടില്ലെന്നും ബെവ്കോ അംഗീകരിച്ച വിലവിവരപ്പട്ടികയല്ല പ്രചരിക്കുന്നതെന്നും സിഎംഡി യോഗേഷ് ഗുപ്ത പറഞ്ഞു. പല സാഹചര്യങ്ങൾക്കനുസരിച്ചുള്ള ലാഭവിഹിത വർധന ബെവ്കോയുടെ ഫിനാൻസ് വിഭാഗം കണക്കുകൂട്ടാറുണ്ട്. അക്കൂട്ടത്തിൽ ഐടി വകുപ്പിനു നൽകിയ ഒരു വർക്ക് ഷീറ്റ് ആയിരിക്കാം ഇതെന്നു കരുതുന്നതായി സിഎംഡി പറഞ്ഞു.