Covid 19
കേരളത്തിൽ കൊവിഡ് ‘ആർ-വാല്യൂ’ ഉയരുന്നു; മുന്നറിയിപ്പുമായി എയിംസ് മേധാവി
രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട് ‘ആര്‍- വാല്യു’ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് വ്യാപനം കണ്ടുവരുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ കോവിഡ് സാഹചര്യം പരിശോധിക്കേണ്ടതാണ്. തുടക്കത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു കേരളം. മികച്ച രീതിയിലാണ് കേരളത്തില്‍ വാക്‌സിനേഷന്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ രീതിയിലാണ് കേരളത്തില്‍ കോവിഡ് വ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് പരിശോധിക്കേണ്ടതാണ്. ഈ വ്യാപനത്തിന് പിന്നില്‍ വകഭേദം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായാണോ മുന്നോട്ടുപോകുന്നത് എന്നത് അടക്കമുള്ള വിഷയങ്ങളും വിലയിരുത്തേണ്ടതുണ്ടെന്നും എയിംസ് മേധാവി വ്യക്തമാക്കി.
ആർ വാല്യൂ ഒന്നും അതിനുമുകളിലേക്കും പോകുന്നത് അണുബാധ വളരെ കൂടുന്നതിന്റെ ലക്ഷണമാണ്. ആർ-വാല്യൂവിന്റെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന മേഖലകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ട്രാൻസ്മിഷൻ ശൃംഖല തകർക്കുന്നതിനുള്ള “ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്” തന്ത്രം പ്രയോഗിക്കുകയും വേണം – അദ്ദേഹം പറഞ്ഞു.
എന്താണ് ആർ-വാല്യു?
വൈറസിന്റെ പ്രത്യുത്പാദന സംഖ്യയുടെ സൂചകമാണ് ആർ വാല്യൂ. രോഗബാധിതനായ ഒരാളിൽ നിന്ന് എത്രപേർ രോഗബാധിതരാകാമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.
ആർ വാല്യൂ 1.0 നേക്കാൾ കൂടുതലാണെങ്കിൽ അതിനർത്ഥം രോഗബാധ വർദ്ധിക്കുന്നു എന്നാണ്. അതേസമയം, 1.0 ൽ താഴെയാകുകയോ കുറയുകയോ ചെയ്യുന്നത് രോഗബാധ കുറയുന്നതിന്റെ അടയാളമാണ്. ഉദാഹരണത്തിന് രോഗം ബാധിച്ച 100 പേരിൽ നിന്ന് 100 പേർക്ക് കൂടി രോഗം ബാധിക്കുകയാണെങ്കിൽ ആർ ഘടകം 1 ആയിരിക്കും. എന്നാൽ 80 പേരെ മാത്രമാണ് രോഗം ബാധിക്കുന്നതെങ്കിൽ ആർ ഘടകം 0.80 ആയിരിക്കും.
മേയ് പകുതിയിൽ ഇന്ത്യയിലുടനീളം ആർ ഘടകം 0.78 ആയിരുന്നു. അതായത്, 100 പേർക്ക് രോഗം ബാധിച്ചാൽ അവരിൽ നിന്ന് 78 പേരിലേയ്ക്ക് മാത്രമേ രോഗം പകർന്നിരുന്നുള്ളൂ. എന്നാൽ ജൂൺ അവസാനത്തിലും ജൂലായ് ആദ്യ വാരത്തിലും ആർ മൂല്യം 0.88 ആയി ഉയർന്നു.
ചിക്കന്‍പോക്‌സിന്റെ ആര്‍- വാല്യു എട്ടോ എട്ടിന് മുകളിലോ ആണ്. ഒരാളില്‍ നിന്ന് എട്ടുപേരിലേക്ക് രോഗം പകരാം എന്നാണ് ഈ കണക്ക് കാണിക്കുന്നത്. അതുപോലെ കൊറോണ വൈറസും അതിവേഗം പടരുന്ന ഒന്നാണ്. രണ്ടാം കോവിഡ് തരംഗത്തില്‍ കുടുംബത്തിലെ ഒരാള്‍ക്ക് വൈറസ് ബാധ ഉണ്ടായപ്പോള്‍ മറ്റു മുഴുവന്‍ അംഗങ്ങളെയും ബാധിച്ചതായി കണ്ടതാണ്. ചിക്കന്‍പോക്‌സ് സമാനമായ രീതിയിലാണ് ബാധിക്കുന്നത്. ഡെല്‍റ്റ വകഭേദം ഒരാളെ ബാധിച്ചാല്‍ കുടുംബം മുഴുവന്‍ അപകടത്തിലാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡെൽറ്റ വേരിയന്റ് കൊവിഡ് വൈറസിന്റെ അറിയപ്പെടുന്ന മറ്റെല്ലാ പതിപ്പുകളേക്കാളും എളുപ്പത്തിൽ രോഗബാധ ഉണ്ടാക്കുമെന്നും ചിക്കൻപോക്സ് പോലെ എളുപ്പത്തിൽ പടരുമെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. കേരളത്തിൽ കൊവിഡ് കേസുകൾ കൂടിവരുന്നതിന്റെ കാരണത്തെക്കുറിച്ച് കാര്യമായ വിലയിരുത്തൽ വേണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മൊത്തത്തില്‍ കേസുകള്‍ കുറയുന്നയുമ്പോള്‍ സംസ്ഥാനത്ത് ഉയര്‍ന്ന കേസ് പോസിറ്റിവിറ്റി തുടരുന്നത് ആശങ്കയുളവാക്കുന്നതാണ്. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. രാജ്യത്ത് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ മുന്നറിയിച്ച്. കേരളത്തിലും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ വർദ്ധിച്ചുവരികയാണ്.