Covid 19
കൊവിഡ് വ്യാപനം; കേന്ദ്രസംഘത്തിന്‍റെ വിലയിരുത്തൽ ഇന്നും തുടരും
കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്‍റെ പരിശോധന ഇന്നും തുടരും. നാഷനൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.സുജീത് സിംഗിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ സാഹചര്യം വിലയിരുത്താനെത്തിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതിയാണ് സംഘം ഇന്ന് വിലയിരുത്തുക. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും.
അതേസമയം ഇന്നലെ ആലപ്പുഴയിലെത്തി കേന്ദ്രസംഘം പരിശോധന നടത്തിയിരുന്നു. കളക്ടേറ്റിലെത്തിയ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലായതിനാലാണ് കേന്ദ്രം സാഹചര്യം വിലയിരുത്താനായി സംഘത്തെ അയച്ചത്.
അതേ സമയം സംസ്ഥാനത്തെ കോവിഡ് വ്യാപനം ഉയർന്ന തോതിൽ തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം പരിഗണിക്കുകയാണ് സർക്കാർ. പത്തിൽ കൂടുതൽ ടിപിആർ ഉള്ള പ്രദേശങ്ങൾ വാർഡ് / ക്ലസ്റ്റർ തലത്തിൽ പൂർണമായി അടച്ചിടാൻ നടപടിയുണ്ടാകും. ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം നടപ്പാക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.
കോവിഡ് പോസിറ്റീവ് ആകുന്നവരെ നിരീക്ഷണകേന്ദ്രത്തിലാക്കി ചികിത്സിക്കാനും സർക്കാർ ആലോചിക്കുന്നു. ഓണത്തിനു കൂടുതൽ ഇളവു സാധ്യമാകും വിധം കോവിഡ് നിയന്ത്രിക്കാനാണു ശ്രമം. ശനി, ഞായർ ദിവസങ്ങളിൽ നടപ്പാക്കിവരുന്ന വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കണമെന്നും വിനോദ മേഖലയുടെ പ്രവർത്തനം നിയന്ത്രണങ്ങളോടെ അനുവദിക്കണമെന്നും നിർദേശമുണ്ട്.