കേരളം
വടകരയില്‍ ചുവന്ന മഴ; ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ; ആകാംക്ഷയോടെ നാട്ടുകാര്‍
വടകരയില്‍ നാട്ടുകാരെ ആശങ്കയിലാഴ്ത്തി വീണ്ടും ചുവന്ന മഴ പെയ്തതായി റിപ്പോർട്ട്. ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രദേശത്ത് ചുവന്ന മഴ ലഭിക്കുന്നത്. മഴവെള്ളത്തില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ന്നതാകാം എന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം.
ഒരാഴ്ച്ച മുമ്പ് ചോറോട് പഞ്ചായത്തിലെ കുരിയാടിയില്‍ ആയിരുന്നു ചുവന്ന മഴ പെയ്തത്. തൊട്ടടുത്ത ദിവസങ്ങളില്‍ മണിയൂര്‍ പഞ്ചായത്തിലെ കുന്നത്തുകരയിലും ചുവന്ന മഴയുണ്ടായി. അതിന് പിന്നാലെ ആദ്യം ചുവന്ന മഴ പെയ്ത കുരിയാടിയില്‍ വീണ്ടും മഴ പെയ്യുകയായിരുന്നു.വിശദമായ പഠനറിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം വരുന്നതോടെ പ്രതിഭാസത്തെക്കുറിച്ച് വ്യക്തത വരുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
ഇത്തവണ മരക്കാരന്റെ വളപ്പില്‍ ഹരിദാസന്‍, മരക്കാരന്റെ വളപ്പില്‍ ബാബു എന്നിവരുടെ വീട്ടുപരിസരത്താണ് ചുവന്ന മഴവെള്ളം ശ്രദ്ധയില്‍പ്പെട്ടത്. കുപ്പിയിലാക്കിയ വെള്ളം പരിശോധനക്കായി അയച്ചു. ആദ്യം അയച്ച സാമ്പിളിന്റെ പരിശോധന അവസാനഘട്ടത്തിലാണ്.രണ്ട് ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് വരും.
ഇതോടെ ചുവന്ന മഴയുടെ കാരണം വ്യക്തമാകും. മഴവെള്ളത്തില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ന്നതാകാം എന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. അന്തരീക്ഷത്തില്‍ വച്ച്തന്നെ മഴയില്‍ രാസപദാര്‍ഥങ്ങള്‍ കലരാനുള്ള സാധ്യതയാണ് ഉള്ളത്. പ്രദേശത്ത് രണ്ട് വര്‍ഷം മുമ്പും ചുവന്ന മഴ പെയ്തിട്ടുണ്ട്.