കേരളം
സംഘര്‍ഷം മറ്റു നിയമസഭകളിലും ഉണ്ടായിട്ടുണ്ട്; ശിവന്‍കുട്ടി രാജി വയ്‌ക്കേണ്ട, വിചാരണ നേരിടട്ടെയെന്ന് മുഖ്യമന്ത്രി
നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നടപടി അസാധാരണവുമല്ല. പ്രക്ഷുബ്ധ സാഹചര്യത്തിലെ കേസുകള്‍ സാഹചര്യം മാറുമ്പോള്‍ പിന്‍വലിക്കാം. സഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ബാധ്യസ്ഥരെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയിലെ അപ്പീല്‍ ആണ് സുപ്രീംകോടതി തള്ളിയത്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അവകാശം ഉണ്ടോ ഇല്ലയോ എന്നതാണ് വിഷയം. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ പ്രോസിക്യൂട്ടറുടെ നടപടിയെയും മുഖ്യമന്ത്രി ന്യായീകരിച്ചു.
പ്രോസിക്യൂട്ടറുടെ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികതയില്ല. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കേസ് പിന്‍വലിക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക് അവകാശമുണ്ട്. തെളിവുകളോ മറ്റു വിഷയങ്ങളോ കേസ് പിന്‍വലിക്കാന്‍ അടിസ്ഥാനമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷയില്‍ തെറ്റില്ല. കയ്യാങ്കളിക്കേസില്‍ തുടര്‍ന്നുള്ള നിയമനടപടികള്‍ കോടതി വിധി അനുസരിച്ച് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. മന്ത്രി ശിവന്‍കുട്ടി രാജി വെക്കേണ്ട സാഹചര്യമില്ല. ഇത് ശിവന്‍കുട്ടിക്കെതിരായ വിഷയമല്ല, പൊതുവിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിചാരണ നേരിടട്ടെ എന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭയില്‍ അവസാനിപ്പിക്കേണ്ട കേസില്‍ കോടതിയെയും പൊലീസിനേയും ഇടപെടുവിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തമിഴ്‌നാട്, യുപി, ഒഡീഷ നിയമസഭകളില്‍ ഉണ്ടായ സംഘര്‍ഷങ്ങളും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.നിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി.
കോണ്‍ഗ്രസിലെ പി ടി തോമസ് ആണ് നോട്ടീസ് നല്‍കിയത്. സുപ്രീംകോടതി വിധിയില്‍ കെ എം മാണിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടെന്ന് പി ടി തോമസ് പറഞ്ഞു. കെ എം മാണി അഴിമതിക്കാരനാണെന്ന് ഇടതുപക്ഷം ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ?. മധുരിച്ചിട്ട് ഇറക്കാനും കയ്ച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് ജോസ് കെ മാണിയെന്നും പി ടി തോമസ് പറഞ്ഞു.
‘ആന കരിമ്പിന്‍ കാട്ടില്‍ കയറി’ എന്നതിന് പകരം ‘ശിവന്‍കുട്ടി നിയമസഭയില്‍ കയറി’ എന്നാണ് പറയേണ്ടതെന്ന് പി ടി തോമസ് പരിഹസിച്ചു. നിയമസഭയിലെ ആ പ്രകടനം വിക്ടേഴ്‌സ് ചാനലില്‍ പ്രദര്‍ശിപ്പിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.