കേരളം
അപൂർവമായ ആയിരം ഇതളുള്ള താമര; വർണക്കാഴ്ചയൊരുക്കി സഹസ്രദള പത്മം
അപൂർവമായി മാത്രം പൂവിടുന്ന സഹസ്രദള പത്മം പാലക്കാട് വിരിഞ്ഞു. പാലക്കാട് പിരായിരിയിലെ പൂന്തോട്ടത്തിലാണ് ആയിരം ഇതളുകളുള്ള താമര വർണക്കാഴ്ച ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധിയുള്ളതിനാൽ നേരിട്ടല്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പലരും ഇതിന്റെ ഭംഗി ആസ്വദിക്കുന്നത്.
ഉത്തരാഖണ്ഡിലെ താമരച്ചെടി മലപ്പുറം വഴിയാണ് പിരായിരിയിലെത്തിയത്. കേരളത്തിന്റെ കാലാവസ്ഥയിൽ സഹസ്രദള പത്മം വിരിയുക എന്നത് അപൂർവമാണ്. അതിനാൽ തന്നെ പൂവിടാൻ സാധ്യത തീരെയില്ലെന്ന ആമുഖത്തോടെയാണ് ചെടി കൈമാറിയത്. എന്നാൽ രണ്ട് മാസത്തിനിപ്പുറം പരീക്ഷണവും പരിചരണവും ഫലം കണ്ടു. പതിനെട്ട് ദിവസങ്ങൾക്ക് മുൻപ് മുള വന്നു. പിന്നാലെ ഇതൾ ഓരോന്നായി വിരിഞ്ഞ് ആയിരത്തിലേക്കടുക്കുന്നു.
ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന സഹസ്രദള പത്മം കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളൂ. കേരളത്തിൽ പൂ വിരിയാൻ മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതൽ ദിവസമെടുക്കും. 2009ൽ ചൈനീസ് ഹോർട്ടിക്കൾചറിസ്റ്റായ ഡിയാക് തിയാനാണ് സഹസ്രദള പത്മം ലോകത്തിന്‍റെ ശ്രദ്ധയിലെത്തിച്ചത്. സ്ലോങ് ഷാൻ ഹോങ് തൗസൻഡ് പെറ്റൽ, ടവർ ഓഫ് ഡെ നൈറ്റ് എന്നീ പേരുകളിൽ വേറെയും സഹസ്രദളപത്മങ്ങൾ ഉണ്ട്.
സഹസ്രദളപത്മം വിരിഞ്ഞതറിഞ്ഞ് നിരവധി പേരാണ് വിളിക്കുന്നത്. തണ്ട് വേണമെന്നാണ് പലരുടെയും ആവശ്യം. കോവിഡ് കാലത്ത് നേരിട്ടെത്തി കാഴ്ച ആസ്വദിക്കാൻ കഴിയാത്തവർക്കായി ചിത്രങ്ങൾ കൈമാറുന്ന തിരക്കിലാണിവർ. വർണക്കാഴ്ച നിറയുന്ന പൂന്തോട്ടത്തിന് അഴകായി മാറുകയാണ് ആയിരം ഇതളുള്ള താമര വിസ്മയം.