കേരളം
കേരളത്തിൽ കോവിഡ് ആന്റിബോഡി സാന്നിധ്യമുള്ളത് 45 ശതമാനം പേരിൽ മാത്രമെന്ന് ഐസിഎംആർ സിറോ സർവേ
കേരളത്തിൽ 45% പേരിൽ മാത്രമേ കോവിഡ് ആന്റിബോഡി സാന്നിധ്യം ഉള്ളെന്ന് ഐസിഎംആർ സീറോ സർവേ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ദേശീയതലത്തിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ദേശീയതലത്തിലെ ആന്റിബോഡി സാന്നിധ്യം 67.6% ആണ്.
രാജ്യത്തെ കോവിഡ് രണ്ടാം തരംഗം കുറയാന്‍ തുടങ്ങിയതിന് പിന്നാലെ ജൂണ്‍ ജൂലൈ മാസങ്ങളിലാണ് സര്‍വെ നടത്തിയത്. ആറ് വയസിനും 17 വയസിനും ഇടയിലുള്ള കുട്ടികളെയടക്കം ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയിലാണ് രാജ്യത്തിലെ പകുതിയിലധികം ആളുകളില്‍ ആന്റീബോഡി സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത്.
വാക്സിനേഷനിൽ നിലവിലെ കണക്കുകളനുസരിച്ച് കേരളം ദേശീയ ശരാശരിയിലും മുന്നിലാണ്. ഒരു ഡോസ് വാക്സിൻ ലഭിച്ചവർ ദേശീയതലത്തിൽ 24.7 % ആണെങ്കിൽ കേരളത്തിൽ ഇത് 32 ശതമാനത്തിനു മുകളിലെത്തി. രണ്ട് ഡോസും ലഭിച്ചവർ ദേശീയതലത്തിൽ 6.5 %വും കേരളത്തിൽ 14 %വുമാണ്.
അതേസമയം കേരളത്തിന്റെ കോവിഡ് പ്രതിരോധം മികച്ചതായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും രണ്ടോ മൂന്നോ മാസത്തിനകം 70 ലക്ഷം പേർക്കു കൂടി വാക്സിൻ നൽകിയാൽ സാമൂഹിക പ്രതിരോധം കൈവരിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.