കേരളം
മനുഷ്യക്കടത്ത്; അസമിൽ നിന്ന് കേരളത്തിലെത്തിച്ച ഒൻപത് പെൺകുട്ടികളെ രക്ഷപ്പെടുത്തി
അസമിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ഒൻപത് പെൺകുട്ടികളെ രക്ഷപ്പെടുത്തി. അസം പൊലീസാണ് പെൺകുട്ടികളെ രക്ഷിച്ചത്. മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ തിരുവനന്തപുരത്താണ് എത്തിച്ചത്.
അസമിലെ വിവിധ ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തെ തമ്പാനൂരിലേക്ക് അനധികൃതമായി പെൺകുട്ടികളെ കടത്തുന്ന സംഘത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസമിലെ ഹോജായ് ജില്ലയിലെ ലങ്ക പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് അസം സ്പെഷൽ ഡിജിപി ജിപി സിങ് വ്യക്തമാക്കി.
എട്ടംഗ പൊലീസ് സംഘം കേരളത്തിലെത്തിയാണ് പെൺകുട്ടികളെ രക്ഷിച്ചത്. ഹോജായ്, നഗോൺ, സോണിറ്റ്പുർ, മോറിഗോൺ, കാംരൂപ് എന്നീ ജില്ലകളിൽ നിന്നുള്ള പെൺകുട്ടികളെയാണ് കേരളത്തിലേക്ക് എത്തിച്ചതെന്നും പൊലീസ് അറിയിച്ചു.