Uncategorized
സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 18 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി 8 സാമ്പിളുകളാണ് അയച്ചത്. അതിലാണ് 3 എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
അതേസമയം സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്. എന്‍.ഐ.വി. പൂനയില്‍ നിന്നും ഈ ലാബുകളിലേക്ക് സിക്ക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പി.സി.ആര്‍. കിറ്റുകള്‍ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം 1000, തൃശൂര്‍ 300, കോഴിക്കോട് 300, ആലപ്പുഴ എന്‍.ഐ.വി. 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകള്‍ ലഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക്ക എന്നിവ പരിശോധിക്കാന്‍ കഴിയുന്ന 500 ട്രയോപ്ലക്‌സ് കിറ്റുകളും സിക്ക വൈറസ് മാത്രം പരിശോധിക്കാന്‍ കഴിയുന്ന 500 സിങ്കിള്‍ പ്ലക്‌സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളില്‍ സിക്ക പരിശോധിക്കാന്‍ കഴിയുന്ന സിങ്കിള്‍ പ്ലക്‌സ് കിറ്റുകളാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.