ക്രൈം
ലഹരി മാഫിയയുടെ കുരുക്കില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍; വെളിപ്പെടുത്തലുമായി പട്ടാമ്പിയിലെ പെൺകുട്ടി
ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും ഉണ്ടെന്ന വെളിപ്പെടുത്തലുമായി പാലക്കാട് പട്ടാമ്പി കറുകപുത്തൂരില്‍ ലഹരി മാഫിയയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി. ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും അകപ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാവ് ലഹരി വസ്തുക്കള്‍ക്ക് അടിമയാക്കിയത്. അബോധാവസ്ഥയിലുള്ള ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പീഡനം തുടര്‍ന്നത്. പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് അമ്മ പരാതി നല്‍കിയിരുന്നു. മേഴത്തൂര്‍ സ്വദേശി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി.
പെണ്‍കുട്ടിയുടെ മൊബൈലില്‍ നിന്നാണ് കൂടുതല്‍ വിശദാംശങ്ങള്‍ വീട്ടുകാര്‍ക്ക് ലഭിച്ചത്. ലഹരി ഉപയോഗിച്ചതിന്റെയും യുവാവിനൊപ്പം പലയിടത്തും തങ്ങിയതിന്റെയും വിവരങ്ങള്‍ ഇതിലുണ്ടായിരുന്നു. ജോലി ആവശ്യങ്ങള്‍ക്കെന്നും സുഹൃത്തിനൊപ്പമെന്നും പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പലപ്പോഴും യുവാവിന്റെ ഭീഷണിയിലായിരുന്നു ഇത്. ഒരോ തവണയും പീഡനത്തിന് ശേഷം പെണ്‍കുട്ടിക്ക് ലഹരി നല്‍കിയിരുന്നു. ലഹരി ഉപയോഗിക്കുന്ന ചിത്രങ്ങള്‍ അബോധാവസ്ഥയില്‍ പകര്‍ത്തിയിരുന്നു. യുവാവിനൊപ്പം കൂടുതല്‍ പേരുണ്ടെന്നും ഇവര്‍ പെണ്‍കുട്ടികള്‍ക്ക് ലഹരി എത്തിക്കുന്നുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.
പട്ടാമ്പിയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍വച്ചാണ് പെണ്‍കുട്ടിയെ യുവാവ് നേരില്‍ കാണുന്നത്. വിവാഹവാഗ്ദാനം നല്‍കി ഫോണ്‍ സംസാരങ്ങള്‍ പതിവാക്കിയ ഇയാള്‍ കഞ്ചാവ്, കൊക്കൈന്‍, എംഡിഎംഎ അടക്കമുളള ലഹരി വസ്തുക്കള്‍ പെണ്‍കുട്ടിക്ക് എത്തിച്ച് നല്‍കി. പ്രായമായ ശേഷം വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്‍കിയ പ്രതി മയക്ക് മരുന്ന് വാഗ്ദാനത്തില്‍ പല തവണ ഹോട്ടലുകളിലേക്ക് വിളിച്ച് വരുത്തി മകളെ പീഡിപ്പിച്ചെന്നാണ് ഉമ്മയുടെ പരാതി. ഹോട്ടലുകളില്‍ മറ്റ് ചെറുപ്പക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ കുടുംബത്തിന് ലഭിച്ചിരുന്നു. മറ്റ് യുവാക്കളും പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്.
രണ്ട് തവണ പല ഹോട്ടലുകളില്‍ നിന്നുമായി യുവാവിനൊപ്പം പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയിരുന്നു.
പ്രതിയുടെ നിരന്തര ശാരീരിക പീഡനത്തിലും കൂടിയ ലഹരി ഉപയോഗത്തിലും മാനസിക നില തകരാറിലായ പെണ്‍കുട്ടി കഴിഞ്ഞ10ന് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മാനസികാരോഗ്യവിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ പെണ്‍കുട്ടി മൈനറായിരിക്കെ ലഹരി വസ്തുക്കള്‍ നല്‍കിയ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രദേശത്തുകാരായ രണ്ട് പേര്‍ക്കെതിരെയും പരാതിയില്‍ പറയുന്നുണ്ട്.