ക്രൈം
പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദുരുഹത; പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു യുവതികളെ കാണാതായി
കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദുരുഹത. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു യുവതികളെ കാണാതായതായി റിപ്പോർട്ട്. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളെയാണ് കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് ഇവരെ കാണാതായത്. ഇവര്‍ക്കായി ഇത്തിക്കരയാറ്റില്‍ തിരച്ചില്‍ നടത്തുകയാണ്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് പാരിപ്പള്ളി പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചത്, കുട്ടിയുടെ അമ്മയായ കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ (22) ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് അമ്മയെ കണ്ടെത്തിയത്.
ഫേയ്സ്ബുക്കിൽ പരിചയപ്പെട്ട കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ കാണാത്ത ‘കാമുകനെ’ അവതരിപ്പിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതി ഗർഭിണിയായതും പ്രസവിച്ച വിവരവും ഭർത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
ഈ വർഷം ജനുവരി 5ന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സുദർശനൻ പിള്ളയുടെ മകൾ രേഷ്മ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്നു പൊലീസ് കണ്ടെത്തിയത്.