കേരളം
ഭക്ഷണം വാങ്ങാൻ പോകുന്നവരും സത്യവാങ്മൂലം കരുതണം; സംസ്ഥാനത്ത് ഇന്ന് കടുത്ത നിയന്ത്രണങ്ങൾ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യം, മാംസം, പാൽ എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും.
ഹോട്ടലുകളിൽനിന്നു പരമാവധി ഹോം ഡെലിവറി നൽകണമെന്ന നിർദേശം നിലനിൽക്കുമ്പോൾ തന്നെ ആ സൗകര്യമില്ലാത്തയിടങ്ങളിൽ പാഴ്സൽ ആകാമെന്നു ഡിജിപി വ്യക്തമാക്കി. വാങ്ങാനായി പോകുന്നവർ സത്യവാങ്മൂലം കരുതണം.
യാത്രകൾക്കു കർശന നിയന്ത്രണമുണ്ട്. അവശ്യസേവന മേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്.
കെഎസ്ആർടിസി സർവീസുകളും പരിമിതമായിരിക്കും. നിർമാണ മേഖലയിലുള്ളവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാം. മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ലോക്ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നാളെ മുതൽ തുടരും.