ദേശീയം
കൊവാക്‌സിനില്‍ നവജാത പശു കുട്ടികളില്‍ നിന്നുള്ള സെറം ഉള്‍പ്പെടുന്നില്ല; വിശദീകരണവുമായി കേന്ദ്രം
കൊവാക്‌സിനില്‍ നവജാത പശു കുട്ടികളില്‍ നിന്നുള്ള സെറം ഉള്‍പ്പെടുന്നില്ലന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ ചേരുവകളില്‍ ഒന്നും തന്നെ ഈ സെറം ഉള്‍പ്പെടുന്നുമില്ലന്നും ഉതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് വിശദീകരണമായി കേന്ദ്രം അറിയിച്ചു. കോവാക്‌സിനില്‍ നവജാത പശു കുട്ടികളില്‍ നിന്നും ശേഖരിക്കുന്ന സെറം ഉള്‍പ്പെടുന്നു എന്ന് ഈ റിപ്പോര്‍ട്ടുകളില്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ വളച്ചൊടിച്ചും, തെറ്റായ രീതിയിലുമാണ് യാഥാര്‍ത്ഥ്യങ്ങളെ ഇത്തരം പോസ്റ്റുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. വെറോ സെല്ലുകളുടെ തയ്യാറാക്കലിനും വളര്‍ച്ചയ്ക്കും വേണ്ടി മാത്രമാണ് നവജാത പശു കുട്ടികളില്‍ നിന്നും എടുക്കുന്ന സെറം ഉപയോഗിക്കുന്നത്. ആഗോള തലത്തില്‍തന്നെ വെറോ സെല്‍ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ചേരുവയാണ് കന്നുകാലികളില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നും എടുക്കുന്ന വിവിധതരം സെറങ്ങള്‍.
വാക്‌സിനുകളുടെ ഉത്പാദനത്തിന് സഹായിക്കുന്ന കോശങ്ങളുടെ രൂപീകരണത്തിനായി വെറോ സെല്ലുകള്‍ ഉപയോഗിച്ചുവരുന്നു. പോളിയോ, റെയ്ബീസ്, ഇന്‍ഫ്‌ലുവന്‍സ വാക്‌സിനുകളുടെ ഉത്പാദനത്തിനായി ദശാബ്ദങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതികവിദ്യയാണ് ഇത്. വളര്‍ച്ചയ്ക്ക് ശേഷം, ഈ വെറോ സെല്ലുകള്‍, നവജാത പശു കുട്ടികളുടെ സെറത്തിന്റെ സാന്നിധ്യം പൂര്‍ണമായും നീക്കം ചെയ്യുന്നതിനായി, ജലം, രാസവസ്തുക്കള്‍ (‘ബഫര്‍’ എന്നു സാങ്കേതികമായി അറിയപ്പെടുന്നു) എന്നിവ ഉപയോഗിച്ച് നിരവധി തവണ കഴുകുന്നു. അതിന് ശേഷം വാക്‌സിന്‍ ഉത്പാദനത്തിന്റെ അടുത്തഘട്ടത്തിന്റെ ഭാഗമായി വെറോ സെല്ലുകളില്‍ കൊറോണവൈറസിനെ പ്രവേശിപ്പിക്കുന്നു.
ഇവയുടെ വളര്‍ച്ചാ സമയത്ത് വെറോ സെല്ലുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുന്നു. പിന്നീട് വളര്‍ത്തിയെടുത്ത വൈറസിനെ നിര്‍വീര്യമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ നിര്‍വീര്യമാക്കപ്പെട്ട വൈറസിനെ ആണ് വാക്‌സിന്‍ ഉത്പാദനത്തിനായി ഉപയോഗിക്കുന്നത്. വാക്‌സിന്റെ അന്തിമ രൂപീകരണത്തില്‍ പശു കുട്ടികളില്‍ നിന്നുള്ള സെറം ഉപയോഗപ്പെടുത്തുന്നില്ല. അതുകൊണ്ടുതന്നെ അന്തിമ ഉത്പന്നമായ കൊവാക്‌സിനില്‍ നവജാത പശു കുട്ടികളില്‍ നിന്നുള്ള സെറം ഉള്‍പ്പെടുന്നില്ല. മാത്രമല്ല ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ ചേരുവകളില്‍ ഒന്നും തന്നെ ഈ സെറം ഉള്‍പ്പെടുന്നുമില്ല.